മലയാള സിനിമയിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് കത്തനാര്. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ ജയസൂര്യയുടെ പിറന്നാള്‍ ദിനമായ ഇക്കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.
വന്‍ പ്രതികരണമാണ് വീഡിയോ ഇതിനകം നേടിയിരിക്കുന്നത്. അതിനിടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകര്‍.
ദേവസേനയായും രുദ്രമാദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. സിനിമയിൽ താരം ജോയിൻ ചെയ്തതായി കാണിച്ചുകൊണ്ടുള്ളതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ.
ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്നാണു സൂചന. വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് കത്തനാര് എത്തുന്നത്.
ഇന്ത്യൻ സിനിമാചരിത്രത്തിൽതന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ജംഗിൾ ബുക്ക്, ലയൺ കിംഗ് തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച പ്രൊഡക്ഷന്‍ രീതിയാണ് ഇത്.
ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ത്രീഡിയിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ. രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്.