ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് പതിനേഴോളം ദേവാലയങ്ങൾ തകർത്ത സംഭവത്തിൽ വ്യക്തത വരുത്തി പോലീസ്. ആക്രമണത്തിന് പ്രേരകമായെന്ന് പറയപ്പെടുന്ന ഖുറാൻ നശിപ്പിക്കൽ ആരോപണം പോലീസ് തള്ളി.
വ്യക്തിപരമായ തർക്കത്തെത്തുടർന്ന് ആസൂത്രിതമായി ഒരു യുവാവിന് നേർക്ക് ചിലർ മതനിന്ദാ ആരോപണം ഉയർത്തിയതാണെന്ന് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 17-നാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിൽ ജനക്കൂട്ടം ക്രിസ്ത്യൻ ദേവാലയങ്ങളും ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും തീവച്ച് നശിപ്പിച്ചത്. ഖുറാനെ അപമാനിച്ചെന്ന ആരോപണം നേരിടുന്ന ജാറൻവാല സ്വദേശിയായ രാജാ അമിർ എന്ന ക്രിസ്തുമത വിശ്വാസിയുടെ വീടും ഇവർ ഇടിച്ചുനിരത്തിയിരുന്നു.
ആമിറിനോട് വ്യക്തിപരമായി വിദ്വേഷം ഉണ്ടായിരുന്ന പർവേസ് കുഡു എന്നയാളാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് അധികൃതർ അറിയിച്ചു.
തന്റെ ഭാര്യയുമായി ആമിറിന് അടുപ്പമുണ്ടെന്ന് കുഡു സംശയിച്ചിരുന്നു. ഇതിന് പിന്നാലെ, ജനക്കൂട്ടത്തെ ആമിറിനെതിരെ തിരിക്കിനായി ഖുറാൻ പേജുകൾ ആമിറിന്റെ വീടിന് മുമ്പിൽ കുഡു കൊണ്ടിടുകയായിരുന്നു.
വ്യാജ മതനിന്ദ ആരോപണം ഉയർത്തി സംഘർഷം സൃഷ്ടിച്ച കുഡുവിനും രണ്ട് കൂട്ടാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.