തിരുവനന്തപുരം: വിഎസ് എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ കേന്ദ്രസർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരും നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം. തട്ടിപ്പിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുള്ള വലിയ റാക്കറ്റുണ്ടെ ന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞയാഴ്ച ഹരിയാനയിൽനിന്നു പിടികൂടി തിരുവനന്തപുരത്തെത്തിച്ച ആറ് ഹരിയാന സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നുള്ള തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ജൂഡീഷൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും കോടതിയുടെ അനുമതിയോടെ നടത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ നിരീക്ഷണത്തിലുള്ളവരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമെ അറസ്റ്റ് ചെയ്യുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ എഎസ്പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്തർ സംസ്ഥാന ബന്ധമുള്ള കേസായതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകളും നടന്ന് വരികയാണ്.
ബഹിരാകാശ ഗവേഷണ സ്ഥാപനമായ വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ , ട്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികളിലേക്ക് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വയറിൽ കാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു പരീക്ഷയ്ക്ക് കോപ്പിയടിച്ചത്.
പരീക്ഷയിൽ ഹരിയാനക്കാരായ 469 പേർ പങ്കെടുത്തിരുന്നു. അതേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്നാണ് സംശയിക്കുന്നത്.