കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ.ജി. മനോജിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ ഡോക്ടര്‍.
ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മറ്റ് വനിതാ ഡോക്ടര്‍മാരും ഡോ. ജി. മനോജില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തനിക്ക് സന്ദേശമയച്ചെന്നാണ് വനിത ഡോക്ടര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്.
നിങ്ങളോ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമോ അയാളില്‍നിന്ന് പീഡനം നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി തന്നെ അറിയിക്കണമെന്നും മീ ടു കേരള, വര്‍ക് പ്ലേസ് ഹറാസ്മെന്റ് എന്ന ഹാഷ് ടാഗോടെ വനിതാ ഡോക്ടര്‍ കുറിച്ചിരിക്കുന്നത്.
ഇന്റേണ്‍ഷിപ്പ് സമയത്ത് ഡോ. മനോജിനെതിരേ സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നുവെന്ന് വനിത ഡോക്ടര്‍മാരുടെ സന്ദേശത്തിലുണ്ട്.
മറ്റൊരു ആശുപത്രിയിലേക്ക് ട്രാന്‍സ്ഫറിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഡോ. മനോജിന്റെ പ്രൈവറ്റ് ക്ലിനിക്കിലേക്ക് ചെല്ലാനായി ആവശ്യപ്പെട്ടെന്നും താന്‍ കൂട്ടുകാരുമായി അവിടെയെത്തിയപ്പോള്‍ “നീ എന്നെ പറ്റിച്ചുവെന്നു’ അയാള്‍ പറഞ്ഞതായും സ്ക്രീന്‍ഷോട്ട് സഹിതമാണ് വനിത ഡോക്ടര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അവിടെനിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി ഓടിപ്പോരുകയായിരുന്നെന്നും മറ്റ് വനിത ഡോക്ടര്‍മാര്‍ പരാതിക്കാരിക്ക് അയച്ച സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം പരാതിക്കാരിയായ വനിത ഡോക്ടര്‍ മൊഴിയെടുക്കുന്നതിനായി ഡ്യൂട്ടി കഴിഞ്ഞ് പോലീസിനെ ബന്ധപ്പെടാമെന്ന് അറിയിച്ചതായി എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു.
വനിത ഡോക്ടറുടെ പരാതിയില്‍ ഡോ. മനോജിനെതിരെ 354-ാം വകുപ്പ് അനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2019 ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് ഡോ. മനോജ് തന്നെ കടന്നു പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ഡോക്ടര്‍ ആരോപണം ഉന്നയിച്ചത്.
അന്ന് ഡോ. മനോജ് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്നു. ആശുപത്രിക്ക് പുറത്ത് ഡോ. മനോജ് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന മുറിയില്‍ രാത്രി ഏഴിനായിരുന്നു സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.