ബുവാനോസ് ആരീസ്: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടത്തിന് നാളെ കിക്കോഫ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.00ന് നടക്കുന്ന ആദ്യ മത്സരത്തിൽ പരാഗ്വെയും പെറുവും ഏറ്റുമുട്ടും.
2022 ഖത്തർ ലോകകപ്പ് ജേതാക്കളായ അർജന്റീനയും നാളെ കളത്തിലെത്തുന്നുണ്ട്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളി ഇക്വഡോറാണ്. ശനിയാഴ്ച പുലർച്ചെ 6.15നാണ് ബ്രസീലിന്റെ മത്സരം. ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ.
സൂപ്പർ താരം ലയണൽ മെസി അടക്കമുള്ള അർജന്റൈൻ താരങ്ങൾ കഴിഞ്ഞ ദിവസംതന്നെ ക്യാന്പിൽ ജോയിൻ ചെയ്തിരുന്നു. ഖത്തർ ലോകകപ്പ് ജേതാക്കളായതിനു ശേഷം അർജന്റീന കളിച്ച നാല് സൗഹൃദ മത്സരങ്ങളിലും ജയം നേടി. പാനമ (2-0), കുറകാവോ (7-0), ഓസ്ട്രേലിയ (2-0), ഇന്തോനേഷ്യ (2-0) ടീമുകളെയാണ് അർജന്റീന തോൽപ്പിച്ചത്.
ആന്റണിക്കു പകരം ജെസ്യൂസ്
അതേസമയം, ഗാർഹിക പീഡന ആരോപണം നേരിടുന്ന ആന്റണിയെ ഒഴിവാക്കി പകരം ഗബ്രിയേൽ ജെസ്യൂസുമായാണ് ബ്രസീൽ ബൊളീവിയയ്ക്കെതിരേ ഇറങ്ങുക. ആന്റണിയുടെ മുൻ കാമുകിയാണ് കേസ് നൽകിയിരിക്കുന്നത്.
അഞ്ച് തവണ ചാന്പ്യന്മാരായ ബ്രസീൽ 2022 ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പുറത്തായത്. ലോകകപ്പിനുശേഷം മൂന്ന് സൗഹൃദ മത്സരങ്ങൾ കളിച്ചതിൽ രണ്ടിലും ബ്രസീൽ തോറ്റു. മൊറോക്കോ (1-2), സെനഗൽ (2-4) ടീമുകളോടായിരുന്നു തോൽവി.