സ്വന്തം ലേഖിക
കൊച്ചി: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന്റെ നടുക്കം മാറും മുമ്പേ ആലുവയിൽ വീണ്ടും പെൺകുഞ്ഞിനു പീഡനം.
ആലുവ ചാത്തന്‍പുറത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുകാരിയായ മകളെയാണ് ഇന്നു പുലര്‍ച്ചെ രണ്ടിന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചത്.
പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും ആളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ അറിയിച്ചു.
വീട്ടില്‍നിന്ന് ഏറെ അകലെയായി നാട്ടുകാര്‍ കണ്ടെത്തിയ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ രണ്ടിന് വീടിന് അരകിലോമീറ്റർ അകലെയുള്ള പാടത്തിനു സമീപത്തുകൂടി ശരീരത്തില്‍ ചോരപ്പാടുകളുമായി പെണ്‍കുട്ടി നഗ്നയായി ഭയന്നു വിറച്ച് കരഞ്ഞുവരുന്നത് സമീപവാസിയാണ് ആദ്യം കണ്ടത്.
ഇദ്ദേഹം നാട്ടുകാരെ കൂട്ടിചെന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട് കണ്ടെത്തി നാട്ടുകാര്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ട്. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയുന്നത്.
പ്രതി ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാള്‍
നാട്ടുകാരനായ പ്രതിയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായതായാണ് പോലീസ് നല്കുന്ന സൂചന. കൃത്യത്തിനു ശേഷം ചുവന്ന ടീ ഷര്‍ട്ടിട്ട ആള് ആലുവ തോട്ടുമുഖം ഭാഗത്ത് വന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലുള്ള ആള്തന്നെയാണിത്. ഇടവഴികള്‍ കടന്നാല്‍ മാത്രമേ കുട്ടി താമസിക്കുന്ന വീട്ടിലേക്ക് എത്താനാകൂ. ഈ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ വീടുകള്‍ മാത്രമാണ് ഉള്ളത്.
കുറച്ചുമാറിയായിട്ടാണ് മറ്റു വീടുകളുള്ളത്. കുട്ടിയുടെ വീടും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് പ്രതി. ഇന്നലെ രാത്രി നല്ല മഴയുണ്ടായിരുന്നു. വെളിച്ചക്കുറവുള്ള ഈ സ്ഥലത്തേക്ക് പരിചയമില്ലാത്ത ആള്‍ക്ക് എത്താന്‍ വളരെയധികം ബുദ്ധിമുട്ടുമുണ്ട്.
അതിനാല്‍തന്നെ പ്രതി കരുതിക്കൂട്ടി കുറ്റകൃത്യം നടത്തിയതായാണ് പോലീസ് കരുതുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും തെരച്ചിലിനായി ഇറങ്ങിയ നാട്ടുകാരനും സിസിടിവി ദൃശ്യത്തില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
‘ജനലിലൂടെ നോക്കിയപ്പോള്‍ നിലവിളി കേട്ടു’
പുലര്‍ച്ചെ രണ്ടിന് ജനലിലൂടെ നോക്കിയപ്പോഴാണ് നിലവിളി കേട്ടത്. അപ്പോള്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പോകുന്നത് കണ്ടെന്നാണ് ദൃക്സാക്ഷി സുകുമാരന്‍ പറയുന്നത്.
തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ച് പരിസരത്തെ വീടുകള്‍ പരിശോധിച്ചു. അന്വേഷണം തുടരുമ്പോള്‍ നഗ്നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടിവരുന്നതാണ് കണ്ടതെന്ന് സുകുമാരന്‍ പറയുന്നു.
പാടത്തിന് സമീപത്ത് എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടന്‍ വീട്ടിലെത്തിച്ചശേഷം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോവുകയായിരുന്നുവെന്ന് സുകുമാരന്‍ പറഞ്ഞു.
അഞ്ചുവയസുകാരിയുടെ പീഡിപ്പിച്ചു കൊന്നത് ജൂലൈ 28ന്
കഴിഞ്ഞ ജൂലൈ 28നാണ് ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. ബിഹാറില്‍നിന്നുള്ള അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ സെപ്റ്റംബര്‍ ഒന്നിന് എറണാകുളം പോക്സോ കോടതിയില്‍ ആലുവ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതി ബീഹാര്‍ അറാനിയ സ്വദേശി അസ്ഫക് ആല (28) മിനെതിരെ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ (അട്രോസിറ്റി എഗൈന്‍സ്റ്റ് വുമന്‍ ആന്‍ഡ് ചില്‍ഡ്രന്‍) ആണ് 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ ഉടനെ തുടങ്ങണമെന്ന അപേക്ഷയും അന്വേഷണ സംഘം നല്‍കിയിരുന്നു.