രണ്ട് കടുവ തോലും 35 കിലോഗ്രാം കടുവയുടെ അസ്ഥികളുമായി പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഉത്തരാഖണ്ഡ് പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ – ഡൽഹി, തെരായ് സെൻട്രൽ ഫോറസ്റ്റ് ഡിവിഷൻ എന്നിവയുടെ സംയുക്ത സംഘമാണ് ബുധനാഴ്ച ഉദ്ദം സിംഗ് നഗർ ജില്ലയിലെ ബാജ്പൂരിൽ നിന്ന് ഇവരെ പിടികൂടിയതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (കുമയോൺ ഡിവിഷൻ) പ്രസന്ന കുമാർ പത്ര പറഞ്ഞു.
കാശിപൂരിൽ നിന്ന് രുദ്രാപൂരിലേക്ക് ട്രക്കിലും മോട്ടോർ സൈക്കിളിലും മൂന്ന് വന്യജീവി കടത്തുകാര്‍ സഞ്ചരിക്കുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാജ്പൂരിലെ ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ രണ്ട് കടുവയുടെ തോലും 35 കിലോഗ്രാം കടുവയുടെ അസ്ഥികളും കണ്ടെത്തി. ജോഗ സിംഗ്, കുൽവീന്ദർ സിംഗ്, മകൻ ഷംഷേർ സിംഗ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
മൂവരും ഉദ്ദം സിംഗ് നഗർ ജില്ലയിലെ ജസ്പൂർ സ്വദേശികളാണ്. കുപ്രസിദ്ധ വന്യജീവി കടത്തുകാരായ ഇവർ ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും സജീവമായിരുന്നു. സാധനങ്ങൾ വിൽക്കാൻ രുദ്രപൂരിലേക്ക് പോകുന്ന വഴിയാണ് ഇവർ പിടിയിലായത്.