സാന്താ ഇസബെൽ (ബ്രസീൽ): നൂറ്റിപ്പതിമൂന്നുകാരനായ ബ്രസീലിയൻ പൗരൻ സെൽവിനോ ജെസൂസിനോട് ദീർഘായുസിന്റെ രഹസ്യം എന്തെന്നു ചോദിച്ചപ്പോൾ “ഞാൻ കല്യാണം കഴിച്ചിട്ടില്ല…’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി . “സമ്മർദങ്ങളില്ലാത്ത ജീവിതമാണു തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
“പഴവും പച്ചക്കറിയും മാംസവുമെല്ലാം ബാലൻസ് ചെയ്താണു കഴിക്കുന്നത്. എന്തിനെയും പോസിറ്റീവായാണു കാണുന്നത്’ ഇതൊക്കെയാകാം ദീർഘായുസിന്റെ രഹസ്യം’ – സെഞ്ചുറി കടന്നിട്ടും ആരോഗ്യത്തോടെയിരിക്കുന്ന സെൽവിനോ പറയുന്നു.
1910 ജൂലൈയിലാണ് ജനനം. മുത്തശ്ശിയാണ് സെൽവിനോയെ വളർത്തിയത്. 50 വർഷം മുമ്പ് അദ്ദേഹം ബ്രസീലിലെ പരാന സംസ്ഥാനത്തിലെ സാന്താ ഇസബെൽ ഡോ ഓസ്റ്റിൽ സ്ഥിരതാമസമാക്കി. ഇപ്പോഴും അവിടെത്തന്നെയാണ് താമസം.
ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് താനെന്ന് ഇദ്ദേഹം പറയുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ല. ബ്രിട്ടീഷ് ലോൺ ബൗളിംഗുമായി താരതമ്യപ്പെടുത്താവുന്ന ബോസെ എന്ന കായികയിനത്തോടു നല്ല താല്പര്യമുണ്ടായിരുന്നു.
നേരത്തെ അത് കളിച്ചിരുന്നുവെങ്കിലും വയസായതോടെ ആസ്വാദകൻ മാത്രമായി. ഇപ്പോഴും വളരെ സന്തോഷമായാണു ജീവിതം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും നാട്ടുകാർ നല്ല സ്നേഹവും ബഹുമാനവുമാണ് നൽകുന്നതെന്നും സെൽവിനോ പറയുന്നു.