തലശേരി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അപ്പീൽ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ആരംഭിച്ചു. ജസ്റ്റിസ് ഡോ. ജയശങ്കർ നമ്പ്യാർ, ഡോ. കൗസർ എന്നിവർ മുമ്പാകെയാണ് വാദം ആരംഭിച്ചത്.
2012 മേയ് നാലിന് രാത്രി വടകര വള്ളിക്കാവ് വെച്ചാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, കിർമാണി മനോജ് ഉൾപ്പെടെ പതിനൊന്ന് പ്രതികൾ നൽകിയ അപ്പീലിലും ശിക്ഷ പോരെന്നും കേസിൽ വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും നൽകിയ അപ്പീലിലുമാണ് വാദം ആരംഭിച്ചിട്ടുള്ളത്.
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം 74 പേരെ പ്രതി ചേർത്താണ് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിചാരണക്കൊടുവിൽ പതിനൊന്നുപേരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
ഒന്നു മുതൽ ഏഴു വരെ പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത് എന്ന അണ്ണൻ സിജിത്ത്, ഷിനോജ് എന്നിവരും ഗൂഢാലോചനക്കേസിലെ പ്രതികളുമാണ് അപ്പീൽ നൽകിയിട്ടുള്ളത്.
ശിക്ഷിക്കപ്പെട്ടതിനു ശേഷം മരണപ്പെട്ട കുഞ്ഞനന്തന്റെ അവകാശികളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. പ്രതിഭാഗത്തിനു വേണ്ടി പ്രമുഖ അഭിഭാഷകരായബി. രാമൻപിള്ള, പി. വിജയഭാനു, കെ.വിശ്വൻ, ജയ്സൺ, അരുൺ ബോസ്, ഗിൽബർട്ട്, രാംദാസ് എന്നിവരും പ്രോസിക്യൂഷനു വേണ്ടി കുമാരൻ കുട്ടിയും എൻ. രാജീവനുമാണ് ഹാജരാകുന്നത്. നേരത്തെ സി.കെ. ശ്രീധരനും പ്രോസിക്യൂഷനു വേണ്ടി ഹാജരായിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.