കൊളംബോ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായില്ല. സെപ്റ്റംബർ 30ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
പ്രതിപക്ഷ സ്ഥാനാർഥി മുഹമ്മദ് മുയിസ് 46 ശതമാനം വോട്ടോടെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും ആദ്യ റൗണ്ടിൽ 50 ശതമാനം വോട്ട് നേടാനായില്ല. നിലവിലെ പ്രസിഡന്റ് മുഹമ്മദ് സോലിഹിന് 39 ശതമാനം വോട്ടാണു കിട്ടിയത്. ശനിയാഴ്ചയാണു തെരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യയും ചൈനയുമാണു മാലദ്വീപ് രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്ന ശക്തികൾ. മുഹമ്മദ് മുയിസ് ചൈനാ പക്ഷപാതിയാണ്. മുഹമ്മദ് സോലിഹാകട്ടെ ഇന്ത്യാ അനുകൂലിയും.
46 ശതമാനം വോട്ട് നേടാനായത് പ്രതിപക്ഷസ്ഥാനാർഥി മുയിസിനു വലിയ നേട്ടമായി. അവസാനനിമിഷമാണ് മുയിസിനെ സ്ഥാനാർഥിയാക്കാൻ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടി തീരുമാനിച്ചത്.
മൂന്നാഴ്ചയാണു മുയിസിനു പ്രചാരണത്തിനു സമയം കിട്ടിയത്. മുൻ പ്രസിഡന്റ് അബ്ദുള്ള യമീൻ മത്സരിക്കുന്നതിനു സുപ്രീംകോടതി വിലക്കേർപ്പെടുത്തിയതോടെയാണു മുയിസിനു നറുക്കു വീണത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യമീൻ ജയിലിലാണ്.
മുയിസിന്റെ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. മാലദ്വീപിലെ ഇന്ത്യൻ സൈനികസാന്നിധ്യത്തിനെതിരേ മുയിസ് സ്വീകരിച്ച ശക്തമായ നിലപാട് വോട്ടർമാരെ സ്വാധീനിച്ചു.
സോലിഹിന്റെ ഇന്ത്യാ അനുകൂല നടപടികൾ മുയിസ് തെരഞ്ഞെടുപ്പ് വിഷയമാക്കി. അധികാരത്തിലെത്തിയാൽ മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തെ നീക്കുമെന്നും ഇന്ത്യ-മാലദ്വീപ് വ്യാപാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും മുയിസ് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യ-മാലദ്വീപ് വ്യാപാരത്തിൽ നിലവിൽ ഇന്ത്യക്കാണു മേൽക്കൈ.
അതേസമയം, ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരുമെന്നും മുയിസ് പ്രഖ്യാപിച്ചിരുന്നു. സോലിഹിന്റെ മാൽഡിവിയൻ ഡെമോക്രാറ്റിക് പാർട്ടിയിലുണ്ടായ പിളർപ്പും മുയിസിനു ഗുണകരമായി.
മുൻ പ്രസിഡന്റും ഉന്നത നേതാവുമായ മുഹമ്മദ് നഷീദിന്റെ നേതൃത്വത്തിലാണു ഒരു വിഭാഗം പിളർന്നത്. ഈ ഗ്രൂപ്പിന്റെ സ്ഥാനാർഥി ഇല്യാസ് ലബീബ് ഏഴു ശതമാനം വോട്ട് നേടി. 28,200 വോട്ടർമാരാണു രാജ്യത്തുള്ളത്. ഇതിൽ 80 ശതമാനം പേർ വോട്ട് ചെയ്തു.
അബ്ദുള്ള യമീൻ പ്രസിഡന്റായിരുന്നു 2013-2018 കാലത്ത് മാലദ്വീപ് അങ്ങേയറ്റം ചൈനാ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. അക്കാലത്ത് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ മാലദ്വീപിനെയും ഉൾപ്പെടുത്തിയിരുന്നു.