ന്യൂയോർക്ക്: ടെന്നീസ് കോർട്ടിൽ രാജാക്കന്മാരുടെ രാജാവായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. 2023 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ച് സ്വന്തമാക്കി.
ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. സ്കോർ: 6-3, 7-6 (7-5), 6-3.
കരിയറിൽ ജോക്കോവിച്ചിന്റെ 24-ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണിത്. പുരുഷ സിംഗിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം എന്ന നേട്ടം 2023 വിംബിൾഡണിലൂടെ സ്വന്തമാക്കിയ ജോക്കോവിച്ച്, റിക്കാർഡ് പുതുക്കി.
ആദ്യ രണ്ടു സെറ്റും നേടിയശേഷം ഇതുവരെ ഒരു ഗ്രാൻസ്ലാം ഫൈനലിൽ തോറ്റിട്ടില്ലെന്ന ചരിത്രം ഇത്തവണയും ജോക്കോവിച്ച് തുടർന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ ഒരു സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ടൈബ്രേക്കർ ജയം എന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 2023 സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ 17 ടൈബ്രേക്കർ ജോക്കോവിച്ച് ജയിച്ചു.
36 വയസ് 111 ദിനം
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ചരിത്രവും ജോക്കോവിച്ച് സ്വന്തമാക്കി. 2023 യുഎസ് ഓപ്പണ്‍ ട്രോഫിയിൽ മുത്തംവയ്ക്കുന്പോൾ ജോക്കോവിച്ചിനു പ്രായം 36 വയസും 111 ദിനവും. മുപ്പത്താറുകാരനായ ജോക്കോവിച്ചിന്റെ 36-ാം ഗ്രാൻസ്ലാം ഫൈനലായിരുന്നു 2023 യുഎസ് ഓപ്പണ്‍.
മാർഗരറ്റ് കോർട്ടിനൊപ്പം
ഗ്രാൻസ്ലാം സിംഗിൾസ് നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പവും ജോക്കോവിച്ചെത്തി. 1960-73 കാലഘട്ടത്തിൽ വനിതാ സിംഗിൾസിൽ 24 ഗ്രാൻസ്ലാം മാർഗരറ്റ് കോർട്ട് സ്വന്തമാക്കിയിരുന്നു. 11 ഓസ്ട്രേലിയൻ ഓപ്പണ്‍, അഞ്ച് ഫ്രഞ്ച് ഓപ്പണ്‍, മൂന്ന് വിംബിൾഡണ്‍, അഞ്ച് യുഎസ് ഓപ്പണ്‍ എന്നിങ്ങനെയാണ് 24 ഗ്രാൻസ്ലാം മാർഗരറ്റ് കോർട്ട് സ്വന്തമാക്കിയത്.
2009, 2010, 2017
2008ൽ ഓസ്ട്രേലിയൻ ഓപ്പണിലൂടെ കന്നി ഗ്രാൻസ്ലാം നേടിയശേഷം ജോക്കോവിച്ചിന് ഗ്രാൻസ്ലാം കിരീടം ഇല്ലാതിരുന്നത് മൂന്ന് സീസണിൽ മാത്രം. 2009, 2010, 2017 സീസണുകളിലായിരുന്നു അത്.
2020, 2022
2020ൽ കോവിഡിനെ തുടർന്ന് വിംബിൾഡണ്‍ നടന്നില്ല. കോവിഡ് വാക്സിൻ എടുത്തില്ലെന്ന പേരിൽ 2022ൽ ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് പുറത്താക്കപ്പെടുകയും യുഎസ് ഓപ്പണിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
2005
നൊവാക് ജോക്കോവിച്ച് 2005 മുതലാണ് ഗ്രാൻസ്ലാം പോരാട്ട രംഗത്ത് എത്തിയത്. 2005ൽ വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടിൽ പ്രവേശിച്ചതായിരുന്നു ഗ്രാൻസ്ലാം വേദിയിലെ മികച്ച പ്രകടനം. 2006ൽ ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. 2007 യുഎസ് ഓപ്പണിലാണ് ആദ്യമായി ഒരു ഗ്രാൻസ്ലാം ഫൈനൽ കളിച്ചത്.
2008
2008 ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് ഗ്രാൻസ്ലാം കിരീട നേട്ടം ജോക്കോവിച്ച് ആരംഭിച്ചത്. ഓസ്ട്രേലിയൻ ഓപ്പണ്‍ 10 തവണ നേടി.
ജോക്കോവിച്ച് സ്ലാം
ഓസ്ട്രേലിയൻ ഓപ്പണ്‍ – 10
ഫ്രഞ്ച് ഓപ്പണ്‍ – 03
വിംബിൾഡണ്‍ – 07
യുഎസ് ഓപ്പൺ – 04
ഗ്രാൻസ്ലാം കിരീടം
(പുരുഷ, വനിതാ സിംഗിൾസ്)
നൊവാക് ജോക്കോവിച്ച് 24
മാർഗരറ്റ് കോർട്ട് 24
സെറീന വില്യംസ് 23
റാഫേൽ നദാൽ 22
സ്റ്റെഫി ഗ്രാഫ് 22