ചങ്ങനാശേരി: മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിനുശേഷം വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നു വിരമിച്ച ഡെയ്സമ്മ ടീച്ചര്‍ ഇനി വക്കീല്‍ വേഷമിടും.
വക്കീലാകണമെന്ന പഴയ മോഹത്തിന്റെ സാക്ഷാത്കാരമാണ് ടീച്ചര്‍ സഫലമാക്കിയത്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ഡെയ്സമ്മ ടീച്ചര്‍ എൻറോള്‍ ചെയ്ത് അഡ്വ. ഡെയ്സമ്മ വര്‍ഗീസായി.
നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ അരങ്ങേറിയ നാടകത്തില്‍ വക്കീല്‍ വേഷമണിഞ്ഞും ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായിരിക്കെ കേരള സര്‍വകലാശാലാ തലത്തില്‍ ഒന്നാംസ്ഥാനം നേടിയ നാടകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായും അഭിനയിച്ചു കൈയടി നേടിയതുമുതല്‍ അഭിഭാഷകയാകണമെന്ന മോഹം ഡെയ്സമ്മയുടെ മനസില്‍ മുളപൊട്ടി.
നാടകത്തില്‍ അണിഞ്ഞ വളരെ പഴകിയ ഗൗണ്‍ തിരിച്ചുകൊടുക്കാന്‍ ചെന്നപ്പോള്‍ അത് സംഘടിപ്പിച്ചുകൊടുത്ത അധ്യാപിക സിസ്റ്റര്‍ റേച്ചല്‍ തമാശ രൂപേണ പറഞ്ഞു. അതിനി വേണ്ട വക്കീലേ… താനെടുത്തോ.
അത്യാഹ്ലാദത്തില്‍ ആ ഗൗണുമായി ഹോസ്റ്റലിലേക്ക് തിരിച്ചുനടന്നപ്പോള്‍ വിദ്യാര്‍ഥിനിയായിരുന്ന ഡെയ്സമ്മയുടെ മനസില്‍ വക്കീലാകണമെന്ന മോഹം വര്‍ധിച്ചു.
എന്നാൽ അധ്യാപികയാകാനായിരുന്നു നിയോഗം. മൂന്നു പതിറ്റാണ്ടുകാലത്തെ സ്തുത്യർഹ സേവനത്തിനുശേഷം 2019ല്‍ വിരമിച്ച ഡെയ്സമ്മ ടീച്ചര്‍ റെഗുലര്‍ വിദ്യാര്‍ഥിനിയായി പഠിക്കണം എന്ന മോഹത്തോടെ കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബാംഗ്ളൂര്‍ അല്‍ അമില്‍ ലോ കോളജില്‍ ചേര്‍ന്നു.
പരിചയമില്ലാത്ത സെമസ്റ്റര്‍ പരീക്ഷകള്‍, കോടതി വിസിറ്റുകള്‍, മൂര്‍ട്ട് കോര്‍ട്ട്, ഇന്റേണ്‍ഷിപ്പ്, മക്കളുടെ പ്രായക്കാരായ അധ്യാപകര്‍, കൂടെ പഠിക്കുന്ന ന്യൂജനറേഷന് വിദ്യാര്‍ഥികള്‍, അസൈന്മെന്റുകള്… അങ്ങനെ എല്ലാറ്റിനോടും ഇണങ്ങി മൂന്നു വര്‍ഷക്കാലം പഠിച്ചു.
അങ്ങനെ കഴിഞ്ഞ ഞായറാഴ്ച വക്കീല്‍ വേഷമിടാനുള്ള ആഗ്രഹം പൂവണിഞ്ഞു. ഉടന്‍തന്നെ പ്രാക്ടീസ് ആരംഭിക്കുമെന്ന് അഡ്വ. ഡെയ്സമ്മ പറഞ്ഞു.
അധ്യാപന ജീവിതത്തിനിടെ ഡെയ്സമ്മ ടീച്ചര്‍ എന്‍സിസി ഓഫീസറായും പ്രവര്‍ത്തിച്ചു. 90.8 എഫ്എം റേഡിയോ പ്രഭാഷകയായിരുന്നു. മൊഴിമുത്തുകള്‍ (വീഡിയോ പ്രോഗ്രാം) അവതരിപ്പിച്ചിട്ടുണ്ട്.
കാത്തിരിപ്പ് എന്ന പേരില്‍ റേഡിയോ പ്രഭാഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പേരന്റിംഗ്, സ്ത്രീ ശക്തീകരണം എന്നീ രംഗങ്ങളില്‍ സജീവസാന്നിധ്യമാണ്.
മണിമല മാവേലില്‍ റിട്ട. അധ്യാപകരായ വി.എം. വര്‍ഗീസിന്റെയും മേരിക്കുട്ടി വര്‍ഗീസിന്റെയും മകളും എസ്ബി കോളജ് മലയാളം മുന്‍മേധാവി ഡോ. ജയിംസ് മണിമലയുടെ ഭാര്യയുമാണ്.
പുഷ്പഗിരി മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അര്ജുന് ജയിംസ്, അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഡെര്‍മറ്റോളജിസ്റ്റ് ഡോ. ആര്യ ജയിംസ് എന്നിവര്‍ മക്കളാണ്.