ട്രിപ്പോളി: വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ ഭാഗത്ത് കൊടുങ്കാറ്റ് വീശി വൻ നാശം. 3000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണു പ്രാഥമിക നിഗമനം. 10,000 പേരെ കാണാതായി. വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ ലിബിയയിൽ രണ്ടു സർക്കാരുകൾ പ്രവർത്തിക്കുന്നതു രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഡാനിയേൽ എന്ന ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്ചാണു കിഴക്കൻ ലിബിയയിൽ വീശിയത്. ഡെർന, ബംഗാസി, സൂസ, അൽ മരാഷ് നഗരങ്ങളിൽ നാശനഷ്ടമുണ്ടായി. വാഡി ഡെർന നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്ന് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ വെള്ളം കുതിച്ചൊഴുകിയതോടെ ഡെർന നഗരം തകർന്നടിഞ്ഞു. ഡെർനയിൽ മാത്രം ആയിരം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു.
ആശയവിനിമയ സംവിധാനങ്ങൾ നശിച്ചതിനാൽ ഡെർനയിലെ യഥാർഥ സ്ഥിതി വ്യക്തമല്ല. റോഡുകൾ തകർന്നതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും ദുരന്തമേഖലയിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ട് നേരിടുന്നു.
നാലു പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച കേണൽ ഗദ്ദാഫി ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 2011ൽ കൊല്ലപ്പെട്ടതിനുശേഷം ലിബിയ അരാജകത്വത്തിന്റെ പിടിയിലാണ്. തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര പിന്തുണയോടെ ഐക്യസർക്കാരും കിഴക്കൻ മേഖലയിൽ ബംഗാസി കേന്ദ്രീകരിച്ച് മറ്റൊരു സർക്കാരും നിലവിലുണ്ട്.
കിഴക്കൻ സർക്കാരിന്റെ നിയന്ത്രണപ്രദേശങ്ങളിലാണു കൊടുങ്കാറ്റ് നാശം വിതച്ചിരിക്കുന്നത്. ഡെർന നഗരത്തിന്റെ 25 ശതമാനം അപ്രത്യക്ഷമായെന്നാണ്, ദുരന്തമേഖല സന്ദർശിച്ച കിഴക്കൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞത്. നഗരമധ്യത്തിലെ നാലു ചതുരശ്ര കിലോമീറ്റർ ഭാഗം ഒഴുകിപ്പോയി.
ദുരന്തമേഖലയിലേക്കു വൈദ്യസംഘത്തെ അയച്ചതായി ഐക്യസർക്കാർ അറിയിച്ചു. ഈജിപ്ത്, ജർമനി, ഇറാൻ, ഇറ്റലി, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.