കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം നിപ മൂലമെന്ന് സ്ഥീരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ആശുപത്രിയില്‍നിന്നാണ് വൈറസ് കൂടുതല്‍ പേരിലേക്ക് പടര്ന്നതെന്നനിഗമനത്തില് ആരോഗ്യ പ്രവര്‍ത്തകരെയും രോഗിയുടെ കൂട്ടിരിപ്പുകാരെയുംസമ്പര്ക്കപ്പട്ടികയില് ഉള്‍പ്പെടുത്തും. 168 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.
ഇതുകൂടാതെ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരണപ്പെട്ട ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസ്(40), ഓഗസ്റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലി (49) എന്നിവരുടെ റൂട്ടുമാപ്പിലുള്പ്പെട്ട സ്ഥലങ്ങളിലെ സമ്പര്ക്കബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഹാരിസുമായി അടുത്തിടപഴകിയവരുടെ സമ്പര്‍ക്കപട്ടികയാണ് ഇപ്പോള്‍ തയാറാക്കികൊണ്ടിരിക്കുന്നത്.
മുഹമ്മദലിക്ക് സ്വന്തം പറമ്പിലെ തെങ്ങിന്തോട്ടത്തില്നിന്നായിരിക്കാം നിപ പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ തേങ്ങയിടാന്‍ തെങ്ങുകയറ്റുകാരനൊപ്പം മുഹമ്മദാലിയും പോയിരുന്നു. ഇവിടെ പ്രത്യേക സംഘം പരിശോധന നടത്തും.
ധാരാളം കവുങ്ങുകളും തെങ്ങുകളും ഉള്ള സ്ഥലമായതിനാല്‍ വവ്വാലുകളുടെ സാന്നിധ്യം ഉറപ്പാണെന്ന വിലയിരുത്തലുമുണ്ട്. ഇവിടെനിന്നും വൈറസ് പിടിപെടാനുള്ള വലിയ സാധ്യതയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.
ഇദ്ദേഹം ചികില്‍സതേടിയ കുറ്റ്യാടിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിയതായിരുന്നു ഹാരിസും മക്കളും ബന്ധുക്കളും. മുഹമ്മദിന്റെ ഒമ്പതുവയസുകാരനായ മകന്, മാതൃ സഹോദരന് എന്നിവര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്.
മുഹമ്മദിന്റെ മരണം ന്യൂമോണിയ മൂലമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതിനാല്‍ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നില്ല. മകനും ബന്ധുവിനും നിപ സ്ഥിരീകരിച്ചതിനാല്‍ മുഹമ്മദലിയുടേത് നിപമരണമായി കണക്കാക്കുകയായിരുന്നു.
നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.
മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് ക്രമീകരണം വിലയിരുത്തി. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗീ പരിചരണത്തിനാവശ്യമായ പിപിഇ കിറ്റ്, എന്‍. 95 മാസ്ക്, മറ്റ് സുരക്ഷാ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തി. മതിയായ ജീവനക്കാരെയും ഉറപ്പുവരുത്തിയിട്ടുണ്ട്.
മൂന്നുപേരുടെ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുനെ യിലേക്ക് അയക്കില്ല.
നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചത്. നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തും. പൂനെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽനിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംഅറിൽനിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇവർ യോജിച്ച് പ്രവർത്തിക്കും.
അതിനിടെ കോഴിക്കോട് ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. ആയഞ്ചേരി പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14, 15 വാർഡുകൾ, മരുതോങ്കര പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14 വാർഡുകൾ, തിരുവള്ളൂർ പഞ്ചായത്തിലെ 1, 2, 20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3, 4, 5, 6, 7, 8, 9, 10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5, 6, 7, 8, 9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6, 7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15, 16 വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ
ഇവിടെനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും, കടകൾ രാവിലെ 7 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കൂ. മരുന്ന് കടകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയ നിയന്ത്രണമില്ല, തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാർ മാത്രം.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ തുറക്കില്ല.തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരമാവധി ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കണം.
പൊതുപ്രവേശന റോഡുകളിലൂടെ വാഹന ഗതാഗതം നിരോധിക്കും. ബസ് സർവീസുകളും ഈ വാർഡുകളിൽ വാഹനം നിർത്തരുത്. സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം.