കോട്ടയം: കൊച്ചിയും തിരുവനന്തപുരവും മാത്രമല്ല, നമ്മുടെ കോട്ടയവും ഹൈടെക് ആണ്! വെറുതെ പറയുന്നതല്ല, കോട്ടയത്തിനും സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്കുണ്ട്. നഗരഹൃദയത്തില്‍ തന്നെ.
പഴയ ബോട്ട് ജെട്ടി റോഡില്‍ കച്ചേരിക്കടവിലാണ് ആരാലും അറിയപ്പെടാത്ത സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്. എന്നാല്‍ ഇവിടെ “ടെക്നോളജി’ക്കു പകരം “ആക്രി’ ആണെന്നു മാത്രം!
1999ല്‍ ഉദ്ഘാടനം ചെയ്തതാണ് ടെക്നോളജി പാര്‍ക്ക്. അന്നു മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയായിരുന്നു ഉദ്ഘാടകന്‍. പക്ഷേ ഇവിടെ സോഫ്റ്റ് വെയര്‍ ടെക്നോളജിയൊന്നും വര്‍ക്കൗട്ടായില്ല.
ഇപ്പോള്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ വിഭാഗം ഉപയോഗശൂന്യമായ ഇലക്ട്രിക്കല്‍ സാധനങ്ങൾ തള്ളുന്ന കേന്ദ്രമായി മാറ്റിയിരിക്കുകയാണ് ഇവിടം.
തെറ്റുപറയരുതല്ലോ, കൃഷി വകുപ്പിന്റെ രണ്ട് ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു നിലകളിലായി നിര്‍മിച്ച കെട്ടിടത്തിലെ മറ്റ് മുറികളെല്ലാം വെറുതെകിടന്നു നശിക്കുകയാണ്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇവിടേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല. സോഫ്റ്റ്വേര്‍ ടെക്നോളജിയൊന്നും നടന്നില്ലെങ്കിലും മുറികള്‍ സ്വകാര്യവ്യക്തികള്‍ക്ക് വാടകയ്ക്കു നല്കാന് നഗരസഭ ശ്രമിച്ചിരുന്നു.
എന്നാല്‍ ആക്രി സാധനങ്ങള്‍ ചുറ്റുപാടും കുന്നുകൂടി കിടക്കുന്നതിനാലും കാടുകയറിയതിനാലും മുറികള്‍ വാടകയ്ക്കെടുക്കാന്‍ ആരും തയാറായില്ല.
കോടികള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിക്കുകയാണ്. കെട്ടിടത്തോട് ചേര്‍ന്നുള്ള റസ്റ്റ് ഹൗസ് നഗരസഭ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്. കെട്ടിടം 1975ല്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.
വര്‍ഷങ്ങളോളം റസ്റ്റ് ഹൗസായി പ്രവര്‍ത്തിച്ചു. പിന്നീട് സ്പോര്‍ട്സ് ഹോസ്റ്റലായും. ഏഴു വര്‍ഷത്തോളമായി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കെട്ടിടത്തില്‍ ആല് മരം വളര്‍ന്ന് ഭിത്തികള്‍ വിണ്ടുകീറി.
ഏതുസമയത്തും നിലംപൊത്താം. ചുറ്റുപാടും മരങ്ങളും കുറ്റിച്ചെടികളും വളര്‍ന്നു കാടുപിടിച്ചു. ഉപയോഗ ശൂന്യമായ ഈ കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല.