ലിമ/ലാ പാസ: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കും ബ്രസീലിനും ജയം. നിലവിലെ ലോകചാന്പ്യന്മാരായ അർജന്റീന ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പ്രഫഷണൽ സ്റ്റേഡിയങ്ങളിൽ ഒന്നായ ഹെർണാണ്ടോ സിലെസിൽ ഏകപക്ഷീയ ജയം സ്വന്തമാക്കി.
ലാ പാസയിൽ അരങ്ങേറിയ മത്സരത്തിൽ ആതിഥേയരായ ബൊളീവിയയെ അർജന്റീന 3-0നു കീഴടക്കി. 11,932 അടി ഉയരത്തിലുള്ള കുപ്രസിദ്ധ സ്റ്റേഡിയമാണ് സ്റ്റേഡിയൊ ഹെർണാണ്ടൊ സിലെസ്. സൂപ്പർ താരം ലയണൽ മെസിക്കു വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്റീനയെ നയിച്ചത് എയ്ഞ്ചൽ ഡി മരിയയായിരുന്നു. രണ്ടു ഗോളിന് അസിസ്റ്റ് ചെയ്ത് ഡി മരിയ മുന്നിൽനിന്ന് അർജന്റീനയെ ജയത്തിലേക്കു നയിച്ചു.
31-ാം മിനിറ്റിൽ ഡി മരിയയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കു ലീഡ് നൽകി. 39-ാം മിനിറ്റിൽ അർജന്റൈൻ താരം ക്രിസ്റ്റ്യൻ റൊമേറോയെ ക്രൂരമായി ഫൗൾ ചെയ്തതിന് ബൊളീവിയയുടെ റോബർട്ടോ ഫെർണാണ്ടസ് ചുവപ്പ് കണ്ടു.
അതോടെ ബൊളീവിയയുടെ അംഗബലം 10 ആയി. 42-ാം മിനിറ്റിൽ ഡി മരിയയുടെ ഫ്രീകിക്കിൽനിന്നു ഹെഡറിലൂടെ നിക്കോളാസ് തഗ്ലിയാഫികോ അർജൻൈൻ ലീഡ് ഉയർത്തി. ഒടുവിൽ 83-ാം മിനിറ്റിൽ പകരക്കാരൻ എസെക്കിയേൽ പലാസിയോസിന്റെ അസിസ്റ്റിൽ നിക്കോളാസ് ഗോണ്‍സാലസ് അർജന്റീനയുടെ മൂന്നാം ഗോളും സ്വന്തമാക്കി.
പെറുവിലെ ലിമയിലുള്ള ദേശീയ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ബ്രസീലിന് 1-0ന്റെ ജയം. സൂപ്പർ താരം നെയ്മറിന്റെ കോർണർ കിക്കിൽനിന്നു ഹെഡറിലൂടെ മാർക്വീഞ്ഞോസ് (90’) നേടിയ ലേറ്റ് ഗോളിലായിരുന്നു കാനറികൾ ജയമാഘോഷിച്ചത്. റാഫീഞ്ഞയും റിച്ചാർലിസണും ആദ്യ പകുതിയിൽ ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.