വാഷിംഗ്ടൺ ഡിസി: തോക്ക് കൈവശം വയ്ക്കാനുള്ള അപേക്ഷ പൂരിപ്പിച്ച വേളയിൽ ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ മറച്ചുവച്ചെന്ന കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരേ കുറ്റപത്രം സമർപ്പിച്ചു.
ലഹരി ഉപയോഗിക്കുന്നില്ലെന്ന് 2018 ഒക്ടോബറിൽ ഹണ്ടർ തെറ്റായ വിവരം നൽകിയതായി ഡെലവേർ ഫെഡറൽ കോടതി വ്യക്തമാക്കി. ഈ കാലഘട്ടത്തിൽ താൻ കൊക്കെയ്ൻ ഉപയോഗത്തിന് അടിമയായിരുന്നുവെന്ന് ഹണ്ടർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബൈഡന്റെ പേരുപയോഗിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നും നികുതി വെട്ടിപ്പുനടത്തിയെന്നും ആരോപിച്ചുമുള്ള കേസുകൾ ഹണ്ടറിനെതിരേ നിലനിൽക്കുന്നതിനിടെയാണു പുതിയ കുറ്റപത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്.
നികുതിവെട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാനായി കോടതിയിൽ ഹണ്ടർ നടത്തിയ വെളിപ്പെടുത്തലുകളിലൂടെയാണ് വ്യാജ വിവരസമർപ്പണ വിവരം പുറത്തുവന്നത്.
തോക്ക് കേസ് ഒതുക്കിതീർക്കാൻ കോടതിയും സർക്കാരും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തിയതോടെയാണ് കേസ് ചൂടുപിടിച്ചത്.
നികുതി വെട്ടിപ്പ് കേസിൽ ബൈഡനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ നീക്കങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.