തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ സ്പെഷൽ ജൂറി പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദമാകുന്നു. സോഷ്യൽ മീഡിയയിലെങ്ങും അലൻസിയർക്കെതിരെയുള്ള ട്രോളുകളുടെ പെരുമഴയാണ്.
ചലച്ചിത്ര പ്രവർത്തകരടക്കം അലൻസിയറുടെ പരാമർശത്തിനെതിരേ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ കുറിപ്പുകളിട്ടു.
കടുത്ത വിമർശനമാണ് നടൻ ഹരീഷ് പേരടി ഉയർത്തിയിയിരിക്കുന്നത്. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും പ്രലോഭനം ഉണ്ടാകുന്നത് മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണെന്നും അതിന് ചികിത്സിക്കുകയാണ് വേണ്ടതെന്നും ഹരീഷ് പേരടി പറയുന്നു.
രാഷ്ടീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല .അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്.ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നുവെന്ന് സംവിധായിക ശ്രുതി ശരണ്യം ചോദിക്കുന്നു.
അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും ശ്രുതി ശരണ്യം പറഞ്ഞു.
ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത’വിയോജിപ്പ് രേഖപ്പെടുത്തുന്നു, നാണക്കേട് എന്നാണ് നടൻ സന്തോഷ് കീഴാറ്റൂർ അഭിപ്രായപ്പെട്ടത്.
സ്ത്രീ രൂപമുള്ള പ്രതിമയോട് വിരോധമുണ്ടെങ്കിൽ അദ്ദേഹം ഈ അവാർഡ് വാങ്ങരുതായിരുന്നുവെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു.