മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പരസ്പരം സമ്മാനിച്ചതു തോക്കുകൾ. ബുധനാഴ്ചയാണ് ഇരുനേതാക്കളും കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ നിലയത്തിൽ കൂടിക്കാഴ്ച നടത്തിയത്.
പ്രസിഡന്റ് പുടിൻ കിമ്മിന് ഉന്നത നിലവാരമുള്ള റഷ്യൻ നിർമിത റൈഫിൾ സമ്മാനിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. റഷ്യൻ ബഹിരാകാശ സഞ്ചാരികളുടെ സ്യൂട്ടിന്റെ ഭാഗമായ ഒരു കൈയുറയും പുടിൻ നല്കി. ഉത്തരകൊറിയൻ നിർമിത തോക്കും മറ്റു സമ്മാനങ്ങളുമാണു പുടിനു കിം നല്കിയത്.
ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗ് സന്ദർശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിൻ സ്വീകരിച്ചതായി പെസ്കോവ് സ്ഥിരീകരിച്ചു. സന്ദർശനത്തിന്റെ മുന്നൊരുക്കത്തിനായി വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് വൈകാതെ ഉത്തരകൊറിയയിലേക്കു പോകും.
പുടിന്റെ രണ്ടാമത് ഉത്തരകൊറിയാ സന്ദർശനമായിരിക്കുമിത്. 2000ൽ കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം പോയത്.
ഇതിനിടെ, സ്വന്തം ട്രെയിനിൽ റഷ്യ സന്ദർശിക്കുന്ന കിം ജോംഗ് ഉൻ കുറച്ചു ദിവസങ്ങൾക്കുശേഷമേ മടങ്ങുകയുള്ളൂവെന്നു റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്നലെ കിം റഷ്യൻ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന ഫാക്ടറി സന്ദർശിച്ചു.