മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ അപൂർവ കളിമൺ പെയിന്റിംഗ് സാങ്കേതികതയാണ് കലാകാരന്മാർ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ ആ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ് ഗവേഷകർ.
രണ്ടു വർഷം മുമ്പ്, പുരാവസ്തു ഗവേഷകരുടെ ഒരു സംഘം വംശനാശം സംഭവിച്ച കാട്ടുകാളയുടെ ചിത്രം സ്പെയിനിലെ കോവ ഡോൺസിലെ ഒരു ഗുഹയുടെ ചുവരിൽ കണ്ടപ്പോൾ അവർ അതു നിസാരമായി തള്ളിക്കളഞ്ഞില്ല.
അവർ ഗുഹയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റവും കൂടുതൽ പാലിയോലിത്തിക്ക് ഗുഹാകലാ പ്രദേശങ്ങൾ സ്പെയിനിലാണ്. അതിൽ ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണു കണ്ടെത്തിയിട്ടുള്ളത്. അതേസമയം, കിഴക്കൻ ഐബീരിയയിലും ഇത്തരത്തിലുള്ള ചരിത്രവസ്തുതകൾ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
100ലധികം ഡ്രോയിംഗുകളും കൊത്തുപണികളുമാണ് ഗുഹയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ ആന്റിക്വിറ്റിയിൽ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ച കരടിയിൽ നിന്നുള്ള ഡ്രോയിംഗുകളിലെ കാലാവസ്ഥയും നഖങ്ങളുടെ അടയാളങ്ങളും പരിശോധിച്ചാണ് ഗവേഷകർ ഡ്രോയിംഗുകൾ പാലിയോലിത്തിക്ക് കാലഘട്ടത്തിലേതാണെന്ന നിഗമനത്തിലെത്തിയത്.
19 തരം മൃഗങ്ങളുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ കുതിരകൾ, കാട്ടുകാളകൾ, മാൻ എന്നിവ ഉൾപ്പെടുന്നു.
കാന്റബ്രിയൻ സ്പെയിനിലോ തെക്കൻ ഫ്രാൻസിലോ അൻഡലൂസിയയിലോ കാണുന്നതുപോലെയുള്ള പ്രധാന ഗുഹാചിത്രകേന്ദ്രമാണു കണ്ടെത്തിയതെന്ന് സതാംപ്ടൺ, സരഗോസ സർവകലാശാലകളിലെ പുരാവസ്തു ഗവേഷകൻ എയ്റ്റർ റൂയിസ് റെഡോണ്ടോ അഭിപ്രായപ്പെട്ടു.
ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ട പാലിയോലിത്തിക്ക് റോക്ക് ആർട്ട് സൈറ്റാണ് ഐബീരിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്ത് കണ്ടെത്തിയതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 2015 ന് ശേഷം യൂറോപ്പിൽ കണ്ടെത്തിയ ഏറ്റവും കൂടുതൽ രൂപരേഖകളുള്ള പാലിയോലിത്തിക്ക് ഗുഹയാണിതെന്നും ഗവേഷകർ പറഞ്ഞു.