കൊച്ചി: കടമക്കുടിയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ശില്പ(29) യുടെയും നിജോ(39)യുടെയും മൊബൈല്‍ ഫോണുകള്‍ ഇന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇന്നു കാക്കനാട് റീജിണല്‍ ഫോറന്‍സിക് ലാബിന് കൈമാറും.
ഏതെല്ലാം ലോണ്‍ ആപ്പുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ച് പരിശോധനയ്ക്കുശേഷമേ വ്യക്തത വരുകയുള്ളൂ.
രണ്ടുപേരുടെയും ഫോണുകള്‍ പാറ്റേണ്‍ ലോക്കായതിനാല്‍ പോലീസിന് ഇതുവരെ അത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഫോണുലേക്ക് വന്നിട്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും കോളുകളും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ളതാണ്.
ഇവ വീണ്ടെടുക്കുന്നതിനായി വാട്സ്ആപ്പിന് അപേക്ഷ നല്‍കുമെന്ന് മുനമ്പം ഡിവൈഎസ്പി കെ.ജി. അനീഷ് പറഞ്ഞു.
കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. ശില്പയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം അടുത്ത ദിവസങ്ങളിലും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു.
ഇതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ 12ന് രാവിലെയാണ് ദമ്പതികള്‍ മക്കളായ എയ്ബല്‍ (8), ആരോണ്‍(4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.