കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് കളക്ടറുടെ ഉത്തരവ്.
കോച്ചിംഗ് സെന്ററുകൾ, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിലുണ്ട്.
ജില്ലയില്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരപ്രദേശങ്ങളിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.
നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. “ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്’.
ഇന്ന് പുതിയ കേസുകള്‍ ഇല്ലെന്നും ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒന്‍പതു വയസുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.