കോട്ടയം: പാചകവാതക വിതരണക്കാര്‍ യൂസര്‍ഫീ എന്ന പേരില്‍ പകല്‍ക്കൊള്ള നടത്തുന്നതായി പരാതി. നഗരസഭാ പരിധിയിലും പഞ്ചായത്തുകളില്‍ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ എത്തിക്കുന്നത് സൗജന്യമാണെന്നിരിക്കെയാണ് ഈ പകല്‍ക്കൊള്ള.
ബില്‍ തുകയേക്കാള്‍ 20 മുതല്‍ 50 രൂപവരെ പലയിടത്തും വിതരണക്കാര്‍ അധികമായി വാങ്ങുന്നുണ്ടെന്നാണ് പരാതി.ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അജ്ഞതയും പരിശോധനകൾ ഇല്ലാത്തതുമാണു വിതരണക്കാരുടെ ചൂഷണത്തിനു കാരണമാകുന്നത്.
പിക് അപ് വാനില്‍ അമ്പതോളം സിലിണ്ടറുകളാണ് ഒരുസമയം വിതരണം ചെയ്യുന്നത്. 50 സിലിണ്ടറുകളില്‍നിന്ന് ഒറ്റത്തവണ ആയിരവും അതിനു മുകളിലേക്കുമാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്.
പലയിടത്തും ഏജന്‍സി അറിയാതെ വിതരണം ചെയ്യുന്ന ജീവനക്കാരാണു പണം തട്ടുന്നത്.ഏജന്‍സി അറിഞ്ഞു നടത്തുന്ന കൊള്ളയുമുണ്ട്. ഏജന്‍സിയില്‍ പരാതിപ്പെട്ടപ്പോള്‍ അധികമായി ഈടാക്കിയ തുക ജീവനക്കാര്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വീട്ടില്‍ സിലിണ്ടര്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജുള്‍പ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലര്‍ക്കും അറിയില്ല.
ഡെലിവറി ചാര്‍ജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. എല്‍പിജി റെഗുലേഷന് ഓഫ് സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഡര്‍ 2000 എന്ന നിയമത്തിന് കീഴിലാണ് പാചകവാതക വിതരണം.
ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഏജന്‍സി സിലിണ്ടര്‍ എത്തിച്ചു നല്‍കണം.ഈ മേല്‍വിലാസത്തിലെത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉപഭോക്താവില്‍നിന്ന് അനുമതി എഴുതി വാങ്ങണമെന്നും നിയമത്തിലുണ്ട്.
നഗരസഭാ പരിധിയിലുള്ള ഏജന്‍സികളില്‍നിന്നും നഗരപരിധിയിലും പഞ്ചായത്തുകളില്‍ ഏജന്‍സിയില്‍നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും വിതരണം സൗജന്യമാണ്. ബില്ല് പ്രകാരം ഉള്ള തുക മാത്രമേ ഈടാക്കാവൂ.
വിതരണത്തിന്റെ തുക ഉള്‍പ്പെടെയാണ് ബില്ലില്‍ നല്‍കുന്നത്. ഇതിന് പുറമേ വാഹനക്കൂലി നല്‍കേണ്ടതില്ല. ഗോഡൗണില്‍ നിന്നുള്ള ദൂരം കണക്കാക്കി വിതരണത്തിന് കൂലി പാചകവാതക കമ്പനികള്‍തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഈ കൂലി ഉള്‍പ്പെടെ ബില്ലില്‍ കാണിക്കണം എന്നാണ് നിയമം.
ഏജന്‍സികള്‍ കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കീഴിലായതിനാല്‍ സംസ്ഥാന വകുപ്പുകള്‍ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പൂര്‍ണ അധികാരമില്ല. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന പരാതികൾ നടപടിയെടുക്കാന്‍ ഓയില്‍ കമ്പനികള്‍ക്ക് നല്‍കുകയാണ് പതിവ്.
തുടര്‍ന്ന് നടപടിയില്ലെങ്കില്‍ ഉപഭോക്താവ് ഏജന്‍സിയുടെ മാനേജരെയും കളക്ടറെയും സമീപിക്കാം.എന്നിട്ടും നടപടിയില്ലെങ്കില്‍ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.