തലശേരി: പൂർണ സമാധാനം നിലനിൽക്കുന്ന പാനൂരിൽ ഇന്നലെ രാത്രി നടന്ന വെടിവയ്പ് ആശങ്ക പരത്തി.പോലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ വെടിവയ്പ് സംഭവം ഓൺലൈൻ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ സ്വദേശത്തും വിദേശത്തുംനിന്ന് ഫോൺകോളുകളുടെ പ്രവാഹമായി.
നാല് പതിറ്റാണ്ടായി പാനൂരിലെ സ്വർണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ഗോപിനാഥന്റെ വീട്ടിൽ നടന്ന വെടി വയ്പാണ് ഇന്നലെ രാത്രി പാനൂരിനെ ആശങ്കയിലാക്കിയത്.
“അച്ഛൻ മകനെ വെടിവച്ചു, മകന് ഗുരുതര പരിക്ക്, അച്ഛനായ ഗോപിനാഥൻ, മകൻ സൂരജിനെയാണ് വെടിവച്ചത്” എന്നിങ്ങനെയായിരുന്നു ഓൺ ലൈൻ മാധ്യമങ്ങളിലും ചില ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായി വാർത്തകൾ വന്നത്.
സംഭവമറിഞ്ഞ് സ്ഥലത്ത് പറന്നെത്തിയ പോലീസ് പരിശോധന നടത്തി തോക്ക് കസ്റ്റഡിയിലെടുത്തു. വീടിന് കാവലും ഏർപ്പെടുത്തി.
പരിശോധനയിൽ തോക്ക് ഉത്സവ പറന്പുകളിലും മറ്റും വിനോദത്തിനായി ബലൂൺ പൊട്ടിക്കൽ കളിക്ക് ഉപയോഗിക്കുന്ന പഴയ എയർ ഗണ്ണാണെന്ന് കണ്ടെത്തി. വെടിയേറ്റ മകന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
നെറ്റിയിലെ തൊലി പോയ നിലയിൽ കണ്ടെത്തിയ സൂരജിന് പരാതിയില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസും മടങ്ങി.
വെടിയേറ്റയാൾ സ്വയം കാറോടിച്ചാണ് ആശുപത്രിയിലേക്കു പോയത്. മദ്യ ലഹരിയിലാണ് വെടിവയ്പെന്നാണു സൂചന.