റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മരിച്ച കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് വിമാനം വീഴുകയായിരുന്നു.
ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. ഈ കുട്ടിയുടെ ഒമ്പതുവയസുള്ള സഹോദരനു ഗുരുതരമായ പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഇരുവരുടെയും മാതാപിതാക്കളുടെ പരിക്ക് ഗുരുതരമല്ല.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു സംഭവം.
ഇറ്റാലിയന്‍ വ്യോമസേനയുടെ 100ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്ന യുദ്ധ വിമാനങ്ങളിലൊന്നാണ് തകര്‍ന്നുവീണത്.
വിമാനത്താവളത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് സമാന്തരമായുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിലിടിച്ചശേഷം വിമാനം സമീപത്തെ കൃഷിയിടത്തിൽ പതിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തീഗോളമായി. ഇടിയുടെ ആഘാതത്തില്‍ കാർ തെറിച്ചുപോയി. കാറിലേക്കും തീപടര്‍ന്നു.
പരിശീലന പറക്കലിനിടെ ആകാശത്തുവച്ച് പക്ഷികൂട്ടങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന് കേടുപാടു സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.