കോട്ടയം: ധനകാര്യ സ്ഥാപനത്തില്‍നിന്ന് നാലു കിലോഗ്രാം പണയസ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടിയത് ക്രൈം ത്രില്ലറുകളെ വെല്ലുന്ന രീതിയില്‍. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് വരെ ഊരിക്കൊണ്ടുപോയ പ്രതികള്‍ അറിയാതെ ഇട്ടുപോയ പത്രക്കടലാസും സോപ്പ് കൂടുമാണ് പോലീസ് പിടിവള്ളിയാക്കിയത്.
കുറിച്ചി മന്ദിരം കവലയിലെ ധനകാര്യസ്ഥാപനത്തില്‍നിന്നാണ് നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്. കേസില്‍ പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍ അനീഷ് ഭവനത്തില്‍ അനീഷ് ആന്റണിയാ(26)ണു പിടിയിലായത്. അനീഷ് പിടിയിലായെന്നറിഞ്ഞ് മുഖ്യപ്രതി കലഞ്ഞൂര്‍ സ്വദേശി കടന്നുകളഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക ടീമിനെ നിയോഗിച്ചായിരുന്നു അന്വേഷണം. കോട്ടയം മുതല്‍ തിരുവല്ല വരെയുള്ള 1,500 സിസിടിവി പോലീസ് പരിശോധിച്ചു. മോഷണശേഷം തെളിവ് നശിപ്പിക്കാനായി വിതറിയ സോപ്പു പൊടിയുടെ കവറും പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറുമാണ് പ്രതികളിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്.
ആലുവയിലെ കമ്പനിയില്‍ നിന്നുള്ള സോപ്പുപൊടിയാണിതെന്നും എറണാകുളം ഞാറയ്ക്കല്‍ എഡിഷനിലെ പത്രക്കടലാസാണെന്നും മനസിലായതോടെ ആ വഴിക്കായി അന്വേഷണം. സമാന കേസുകളില്‍പ്പെട്ട സംസ്ഥാനത്തെ മുഴുവന്‍ പ്രതികളുടെയും പട്ടിക ശേഖരിച്ചു.
അനീഷിന്റെ ആദ്യ മോഷണക്കേസാണെങ്കിലും മുഖ്യപ്രതിക്ക് സമാനമായ പതിനഞ്ച് കേസുകളുണ്ട്. ഈ സമയം എറണാകുളം ജില്ലയില്‍ ഇവരുടെ സാന്നിധ്യം ഉറപ്പിച്ചതോടെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ രണ്ട് ദിവസം ധനകാര്യ സ്ഥാപനത്തിനുള്ളില്‍ താമസിച്ചായിരുന്നു കവര്‍ച്ച.
കുഴിമറ്റം പാറപ്പുറം ഭാഗത്തു താമസിക്കുന്ന എ.ആര്. പരമേശ്വരന് നായരുടെ സുധാ ഫൈനാന്സില് ഓഗസ്റ്റ് അഞ്ച്, ആറിനായിരുന്നു മോഷണം. ഏഴിന് രാവിലെ ഫിനാന്‍സ് തുറക്കാനെത്തിയപ്പോഴാണു പരമേശ്വരന് നായര്‍ മോഷണ വിവരമറിഞ്ഞത്.
ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സ്ഥാപനം അവധിയായിരുന്നു. ഇതു മനസിലാക്കിയ പ്രതികള്‍ നാലിനു രാത്രിയോടെ ഷട്ടര്‍ തകര്‍ത്ത് സ്ഥാപനത്തിനുള്ളില്‍ കയറി രണ്ടു ദിവസത്തിനുശേഷം കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് ഊരി മാറ്റിയ ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് ഒന്നരക്കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നത്.
രണ്ട് ദിവസത്തേക്കുള്ള ഭക്ഷണവും ഇവര്‍ കരുതിയിരുന്നു. മോഷണശേഷം സിസിടിവിയില്ലാത്ത സ്ഥലത്തു കൂടിയാണു രക്ഷപ്പെട്ടത്.