കോട്ടയം: പുതുപ്പള്ളിയെ സ്പോര്‍ട്സ് സെന്ററാക്കി മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. സ്പോര്‍ട്സ് സെന്റര്‍ സംബന്ധിച്ച അടിസ്ഥാന പഠനങ്ങള്‍ നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
മണര്‍കാട് പുതുപ്പള്ളി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച ആരോപണങ്ങള്‍ മിക്കതും അടിസ്ഥാനരഹിതമാണ്.
കുടിവെള്ളപദ്ധതികളില് മിക്കതും വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വികസനവും കരുതലും എന്ന മുദ്രാവാക്യം തന്നെ പുതുപ്പള്ളിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. അതു കേരളമാകെ എത്തിക്കുവാനും ഉമ്മന്‍ ചാണ്ടി പ്രത്യേകം പ്രയത്നിച്ചു.
ഇതേ പാത പിന്തുടരുകയാണ് തന്റേയും ലക്ഷ്യം. ഉമ്മന്‍ചാണ്ടിയെ പോലെയാകാന്‍ ഒരിക്കലും സാധിക്കില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുമായി താരതമ്യം ചെയ്യാനും പറ്റില്ല.എന്നാല്‍ ഇക്കാര്യത്തില്‍ പരമാവധി നീതിപുലര്‍ത്താന്‍ പരിശ്രമിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.