പുല്ലാട്: പുല്ലാട് ഐരാക്കാവില് പ്രദീപിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവിരോധമെന്ന് സൂചന. പ്രദീപിനെ കൊലപ്പെടുത്താന്‍ പ്രതിയായ മോന്‍സി തക്കം പാര്ത്തിരുന്നുവെന്ന സൂചനയും പോലീസിനു ലഭിച്ചു.
ഐരാക്കാവ് പാറയ്ക്കല്‍ പ്രദീപിനെ (38) ഇന്നലെ രാവിലെയാണ് വീടിനു തൊട്ടു മുമ്പിലുള്ള പുന്നയ്ക്കല്‍ പാടശേഖരത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വീടിനു സമീപം പ്രദീപിനെ കുത്തിക്കൊലപ്പെടുത്തിയശേഷം മുട്ടറ്റം ചെളിയില്‍ ചവിട്ടി താഴ്ത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട പ്രദീപിന്റെ അയല്‍വാസി വരയന്നൂര്‍ കല്ലുങ്കല്‍ മോന്‍സി (വിനോദ്, 46) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട പ്രദീപും മോന്‍സിയും തമ്മില്‍ തിങ്കളാഴ്ച രാത്രി തര്‍ക്കമുണ്ടായതായി പറയുന്നു. തുടര്‍ന്നാണ് കൊലപാതകമെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.
പ്രദീപിന്റെ സഹോദരീഭര്‍ത്താവ് ഷൈജു തങ്കച്ചന്റെ മൊഴി സ്വീകരിച്ചാണ് പോലീസ് കേസെടുത്തത്. മോന്‍സിക്ക് പ്രദീപിന്റെ വീടുമായി ചില വഴിവിട്ട ബന്ധങ്ങളുള്ളതായി സംശയിച്ചിരുന്നു.
ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ട്. പ്രദീപിനെ കൊലപ്പെടുത്തുമെന്ന ഭീഷണി മോന്‍സി നേരത്തെ മുഴക്കിയിരുന്നതായും മുമ്പു പലതവണ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായും പറയുന്നു.
കൂലിപ്പണിയും വാട്ടര്‍ അഥോറിറ്റി കരാറുകാരന്റെ സഹായിയുമായൊക്കെ ജോലി ചെയ്തുവരികയായിരുന്നു പ്രദീപ്. മോന്‍സി പുല്ലാട്ടെ മത്സ്യവ്യാപാരിയാണ്.