കാട്ടാക്കട:അരിക്കൊമ്പന് മദപ്പാടെന്ന് സംശയം. മദപ്പാടുണ്ടാകാമെന്ന സംശയം തമിഴ്നാട് വനംവകുപ്പിലെ ചില വാച്ചർമാർ ഉന്നയിച്ച സാഹചര്യത്തിൽ ഇത് സ്ഥിരീകരിക്കാൻ വെറ്ററിനറി വിദഗ്ധരുടെ സേവനം തേടി.
ഡോക്ടർമാരുടെ സംഘം പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസമായി ജനവാസമേഖലയിലുള്ള അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തുടരുകയാണ്.
തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം മേഖലയിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. അൻപതോളം വനം ജീവനക്കാർ ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
കോതയാർ ഭാഗത്തായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസമാണ് മാഞ്ചോലയിൽ എത്തിയത്. ഇതോടെ സ്കൂളിന് അവധി നൽകുകയും മാഞ്ചോലയിലേക്ക് സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂണിലാണ് അരിക്കൊമ്പനെ കോതയാർ വനമേഖലയിൽ വിട്ടത്.രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്.
പ്രദേശത്തെ സ്കൂളിന് സമീപവും കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയിരുന്നു. സ്കൂളിന് ഇന്നലെയും ഇന്നും അവധി നൽകി. കഴിഞ്ഞ ദിവസം വാഴക്കൃഷി നശിപ്പിക്കുകയും വീടിൻറെ മേൽക്കൂര തകർക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികൾ ധാരാളമായെത്തുന മാഞ്ചോലയിൽ ഈ മാസം അവസാനം വരെ സഞ്ചാരികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മണിമുത്താർ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുന്നതും നിരോധിച്ചിട്ടുണ്ടെന്ന് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം അംബാസമുദ്രം ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സെമ്പകപ്രിയ പറഞ്ഞു.
അതിനിടെ ആന അഗസ്ത്യവനമേഖലയിൽ കയറാനുള്ള സാഹചര്യമുണ്ടെന്ന് ഇവിടുത്തെ തോട്ടം തൊഴിലാളികൾ പറയുന്നു. അതിനിടെ കേരള വനം വകുപ്പ് ഈ സാധ്യത മുന്നിൽ കണ്ട് ജാഗ്രത പുലർത്തുകയാണ്. നെയ്യാർ , പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പത്തോളം വാച്ചർമാരെ നിരീക്ഷണത്തിനായി നിയോഗിച്ചു.