കാട്ടാക്കട: അരിക്കൊമ്പൻ കേരള വനാതിർത്തിയായ നെയ്യാർ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. ഇത് സംബന്ധിച്ച് റേഡിയോ കോളർ സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനം വകുപ്പ്.
ഇന്ന് പുലർച്ചെയാണ് ജിപിഎസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോൾ തമിഴ്നാട്ടിലെ കോതയാർ വനത്തിൽ ആണ് ആന ഉള്ളത്.
ആന നിൽക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരള വനത്തിൽ എത്തും. ദിനവും അതും രാത്രിയിൽ പത്തു കിലോമീറ്ററാണ് ആന സഞ്ചരിക്കുന്നത്.
ആന കേരളത്തിൽ പ്രവേശിച്ചാൽ രണ്ടു ദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളിൽ എത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതു വഴി ആനകൾ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്.
എന്നാൽ അരികൊമ്പൻ ഏതാണ്ട് ഒറ്റയാൻ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരള അതിർത്തിയിൽ കടക്കില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. എന്നാൽ കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരളമാകും എന്നത് നിഷേധിക്കാനാകാത്ത സത്യമായി നിൽക്കുകയാണ്.
ഇന്നലെ തമിഴ്നാട്ടിലെ കോതയാർ വനത്തിൽ നിന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ കാടുകയറിയിരുന്നു. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന അരിക്കൊമ്പൻ വാഴകൃഷിയും വീടും ഭാഗീകമായി തകർത്തെങ്കിലും പ്രദേശത്തെ റേഷൻ കട ആക്രമിച്ചില്ല.
ആന മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസം മാഞ്ചോല മേഖലയിൽ അൽപം ഭീതിപരത്തിയ ശേഷമാണ് അരിക്കൊമ്പൻ വീണ്ടും പഴയ ആവാസകേന്ദ്രമായ കോതയാറിലേക്ക് നീങ്ങിയത്.
രാത്രിയും പകലുമായി വനപാലകസംഘം ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കാടുകയറ്റിയത്.മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ കോതയാറിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാണ് കഴിഞ്ഞദിവസം അരിക്കൊമ്പൻ മാഞ്ചോലയിലെത്തിയത്.
മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റ്, ബോംബെ ബർമ തേയില ഫാക്ടറി ഇതിനോട് ചേർന്ന് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഉള്ള ഭാഗത്ത് എത്തിയ ആന വാഴത്തോട്ടവും ഒരു വീടും ഭാഗികമായി നശിപ്പിച്ചിരുന്നു. എന്നാൽ സമീപം റേഷൻ കട ഉണ്ടായിട്ടും ആക്രമിച്ചില്ല.
ആനയെ ഡോക്ടർമാർ ഉൾപ്പെടെ 45 അംഗ വനപാലക സംഘം നിരീക്ഷിക്കുന്നതായി കളയ്ക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
റേഡിയോ കോളറിൽ നിന്നുളള സിഗ്നൽ പ്രകാരം ഒരു ദിവസം ശരാശരി പത്തു കിലോമീറ്റർ അരിക്കൊമ്പൻ സഞ്ചരിക്കുന്നു.
അതിനിടെ എങ്ങിനെയും ആനയെ കേരള അതിർത്തിയിലേക്ക് കടത്തിവിടാൻ അവർ ശ്രമിക്കുകയാണെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. പ്രദേശത്തെ നാട്ടുകാരും ആനയ്ക്ക് എതിരെ പ്രതിഷേധയമുയർത്തുകയാണ്.