കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോള്‍ ഒരു മന്ത്രിസ്ഥാനം എന്ന എല്‍ജെഡിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. മന്ത്രിസഭാ പുനഃസംഘടനയില്‍ എല്‍ജെഡിയും ആര്‍എസ്പിയും (ലെനിനിസ്റ്റ്) ഉണ്ടാകില്ലെന്ന് ഉറപ്പായി.
എല്‍ജെഡിക്കും ആര്‍എസ്പി (ലെനിനിസ്റ്റ്) പാര്‍ട്ടി എംഎല്‍എ കോവൂര്‍ കുഞ്ഞുമോനും മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് സ്ഥിരീകരിച്ചതോടെയാണിത്. മറ്റ് കക്ഷികളുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് ജയരാജന് അറിയിച്ചത്.
മുന്നണി നിലപാട് വ്യക്തമാക്കപ്പെട്ടതോടെ മന്ത്രിസ്ഥാനത്തിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്താനുള്ള എല്‍ജെഡിയുടെ നീക്കം അപ്പാടെ പാളി.
പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം മന്ത്രി സ്ഥാനം വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഒരു എംഎല്‍എയുള്ള ഘടകകക്ഷികള്‍ക്ക് ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരിച്ച വേളയില്‍ ഐഎന്‍എലിന്റെ അഹമ്മദ് ദേവർേകാവിലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും മന്ത്രിസ്ഥാനം നല്‍കിയിരുന്നു.
രണ്ടര വര്‍ഷത്തേക്കാണ് ഇതു നല്‍കിയിരുന്നത്. കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കും.ഇവര്‍ക്കു പകരമായി കോണ്‍ഗ്രസ്-എസിലെ രാമചന്ദ്രന് കടന്നപ്പള്ളിയെയും കേരള കോണ്‍ഗ്രസ് ബിയുടെ കെ.ബി. ഗണേഷ്കുമാറിനെയും മന്ത്രിമാരാക്കാന്‍ ആയിരുന്നു അന്നത്തെ ധാരണ. ഇതു നടപ്പാക്കാനാണ് സിപിഎം താല്പര്യപ്പെടുന്നത്.
എന്നാല്‍ മുന്നണിയിലെ മാറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ജനപിന്തുണയും സ്വാധീനവും തങ്ങള്‍ക്കുണ്ടെന്നാണ് എല്‍ജെഡിയുടെ നിലപാട്. മുന്‍മന്ത്രി കെ.പി. മോഹനനാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കു വന്‍ വിജയം നേടിക്കെടുക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞതായി നേതാക്കള്‍ പറയുന്നു.