വാർസോ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഇനി ആയുധം നല്കില്ലെന്നു പോളണ്ട് പ്രഖ്യാപിച്ചു. ധാന്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതാണു കാരണം. ഇനി പോളിഷ് സേനയെ നവീകരിക്കുന്നതിലായിരിക്കും ശ്രദ്ധയെന്നു പ്രധാനമന്ത്രി മത്തേയൂഷ് മൊറെവിയാസ്കി അറിയിച്ചു.
റഷ്യൻ ആക്രമണം ആരംഭിച്ചതുമുതൽ യുക്രെയ്ന് ഏറ്റവും പിന്തുണ നല്കുന്ന രാജ്യമാണു പോളണ്ട്. സോവ്യറ്റ് കാലത്തെ ടാങ്കുകളും മിഗ് 29 യുദ്ധവിമാനങ്ങളും അടക്കം സ്വന്തം ആയുധശേഖരത്തിലെ മൂന്നിലൊന്നു പോളണ്ട് യുക്രെയ്നു നല്കി.
യുക്രേനിയൻ ധാന്യങ്ങൾക്കുള്ള ഇറക്കുമതിനിരോധനം നീക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം പോളണ്ട് അനുസരിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. സ്വന്തം കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണു പോളണ്ട് ശ്രമിക്കുന്നത്.
യുക്രെയ്ൻ സർക്കാർ പോളണ്ടിനെതിരേ ലോകാരോഗ്യ സംഘടനയിൽ പരാതി നല്കി. കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭാ യോഗത്തിൽ പ്രസംഗിച്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പോളണ്ടിനെ വിമർശിച്ചു.
ഇതിനു പിന്നാലെ പോളിഷ് സർക്കാർ യുക്രെയ്ൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തുടർന്നാണ് പോളിഷ് പ്രധാനമന്ത്രി മൊറേവിയാസ്കിയുടെ പ്രഖ്യാപനം ഉണ്ടായത്. അടുത്തമാസം മധ്യത്തിൽ പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു മൊറേവിയാസ്കിയുടെ നീക്കമെന്നും പറയപ്പെടുന്നു.