ടൊറേന്റോ: ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിക്കാരനായ എംപി ചന്ദ്ര ആര്യ.
ഭീകരതയെ മഹത്വവത്കരിക്കുന്നതിനെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതിനെയും രൂക്ഷഭാഷയിൽ ആര്യ വിമർശിച്ചു.
കാനഡയിലെ ഹിന്ദുക്കൾ രാജ്യം വിടണമെന്ന് ഖലിസ്ഥാൻ നേതാവ് ഗുർപട്വന്ത് സിംഗ് പന്നുൻ ഏതാനും ദിവസം മുന്പ് പറഞ്ഞിരുന്നു. നിരവധി ഹിന്ദുക്കൾ ഭയത്തോടെയാണു കഴിയുന്നത്. സമാധാനമായിരിക്കാനും അതേസമയം, ജാഗ്രതപുലർത്താനും ഹിന്ദു സമൂഹത്തോട് ഞാൻ ആവശ്യപ്പെട്ടു.
ഹിന്ദുഫോബിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവമുണ്ടായാൽ നിയമപാലകരുമായി ബന്ധപ്പെടണം.
കാനഡയിലെ ഹിന്ദുക്കളെ പ്രകോപിപ്പിക്കാനാണു ഖലിസ്ഥാൻ നേതാവ് ശ്രമിക്കുന്നത്. കാനഡയിലെ ഹിന്ദു, സിക്ക് വിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണു ശ്രമം.
കാനഡയിലെ ബഹുഭൂരിപക്ഷം സിക്കുകാരും ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നില്ല. എന്നാൽ പലവിധ കാരണങ്ങളാൽ ഖലിസ്ഥാൻ പ്രസ്ഥാനത്തെ പരസ്യമായി എതിർക്കുന്നുമില്ല. കാനഡയിലെ ഹിന്ദു, സിക്ക് സമുദായങ്ങൾ തമ്മിൽ ശക്തമായ ബന്ധമാണുള്ളത്-ലിബറൽ പാർട്ടി നേതാവായ ചന്ദ്ര ആര്യ പറഞ്ഞു. ഗുർപട്വന്ത് സിംഗിനെ 2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.