സ്വന്തം ലേഖിക
കൊച്ചി: ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി മുതല്‍ കേരള പോലീസിന്റെപോലീസിന്റെ “ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറാം.
സന്ദേശങ്ങള്‍ നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 9747001099 എന്ന നമ്പറിലേക്ക് ട്രാഫിക് നിയമലംഘനങ്ങളുടെ ഫോട്ടോയും വീഡിയോയും സഹിതം സന്ദേശം അയയ്ക്കാം.
സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പോലീസ് സ്റ്റേഷന് പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.
ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
സ്വീകരിച്ച നടപടികള്‍ വിവരം നല്കിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്.കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്.
ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് പോലീസ് നടത്തിവരുന്നത്.
എന്നാല്‍, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസിന് പൊതുജനങ്ങളുടെ സഹകരണം കൂടി അനിവാര്യമായ സാഹചര്യത്തിലാണ് ശുഭയാത്ര വാട്സ്ആപ്പ് നമ്പറില്‍ വിവരം അറിയിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.