കൊച്ചി: കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണംവന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലെ 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.
എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൊച്ചി ഇഡി ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. മലപ്പുറത്ത് എട്ടു കേന്ദ്രങ്ങളിലും മറ്റു ജില്ലകളിലെ ഓരോ കേന്ദ്രങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
കൊച്ചി കുമ്പളത്ത് പിഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, തൃശ്ശൂർ ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്ത്, മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് മൂര്‍ക്കനാട്ട് നൂറുല്‍ അമീൻ എന്നിവരുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് റെയ്ഡഡ് നടക്കുന്നത്.
മൂര്‍ക്കനാട്ടെ സ്വകാര്യ സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുല്‍ അമീന്. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുള്‍ ജലീല്‍, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
250 ലധികം സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ഉച്ചയോടെ പരിശോധന പൂര്‍ത്തിയാകുമെന്നാണ് വിവരം.
കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു ഹവാല പണം വന്നുവെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ഈ പണം വെളുപ്പിച്ചെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ പിഎഫ്ഐ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലും ഇഡി ഉദ്യോഗസ്ഥ ർക്കുണ്ട്. നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതികളില്‍നിന്ന് ഇതുസംബന്ധിച്ച് ഇഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു.
നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തുനിന്നു പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടെയും ഇഡിയുടെയും കണ്ടെത്തല്‍.
മലപ്പുറത്ത് മഞ്ചേരി, അരീക്കോട് അടക്കം എട്ടു കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്റെ വീട്ടിലും മഞ്ചേരിയില്‍ കിഴക്കേതല സ്വദേശി അബ്ദുള്‍ ജലീലിന്റെയും കാരാപ്പറമ്പ് സ്വദേശി ഹംസയുടെയും വസതികളിലും പരിശോധന നടക്കുന്നുണ്ട്.
വയനാട്ടിലെ മാനന്തവാടിയില്‍ പോപ്പുലര്‍ ഫണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ചെറ്റപ്പാലം പൂഴിത്തറ അബ്ദുല്‍ സമദിന്റെ വീട്ടിലാണ് റെയ്ഡ്.
പിഎഫ്ഐയെ നിരോധിച്ചതിനു പിന്നാലെ അബ്ദുല്‍സമദിന്റെ സ്വത്ത് കണ്ട് കെട്ടുന്നതിന്റെ ഭാഗമായി റവന്യൂ അധികൃതര്‍ വീടും പരിസരവും അളന്ന് തിട്ടപ്പെടുത്തിയിരുന്നു.