ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന് സമീപം ബലിതർപ്പണം നടക്കുന്ന പഴശി ജലാശയത്തിൽ ഗണേശ വിഗ്രഹം കണ്ടെത്തി. ലോഹ നിർമിതമായ വിഗ്രഹം മൂന്നടിയിലേറെ ഉയരമുണ്ട് .
ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് ഉച്ചക്ക് 1. 30 യോടെ വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ കമ്മിറ്റി അംഗങ്ങളാണ് വെള്ളത്തിൽ വിഗ്രഹം കണ്ടെത്തുന്നത്.
മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്.
സംശയം തോന്നി ചില കമ്മിറ്റി അംഗങ്ങൾ അടുത്തു ചെന്ന് നോക്കിയപ്പോഴാണ് ലോഹ നിർമിതമാണ് വിഗ്രഹം എന്ന് മനസിലാകുന്നത്.
തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. അഞ്ചോളം പേർ ചേർന്നാണ് വെള്ളത്തിൽ നിന്നും വിഗ്രഹം കരയിലെത്തിച്ചത്.
സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം പഞ്ചലോഹ നിർമിതമാണോ അല്ലെങ്കിൽ മറ്റുവല്ല ലോഹവുമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
സമീപത്തെ സ്റ്റേഷനുകളിൽ വിഗ്രഹം കാണാതായ സംഭവം ഉണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും വിഗ്രഹം ഇവിടെ എങ്ങനെ എത്തിയെന്നതും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു