തിരുവനന്തപുരം: മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്ന എഡിജിപി എം.ആർ.അജിത്ത് കുമാർ ഉത്തരവിറക്കി.
ഓരോ പോലീസ് സ്റ്റേഷനിലും ഇത്തരത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ എസ്എച്ച്ഒമാരും യൂണിറ്റ് മേധാവിമാരും നടപടി സ്വീകരിക്കണം.
മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിച്ച് നടപടിയെടുക്കണം. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിച്ചാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും എഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഡ്യൂട്ടി സമയങ്ങളിൽ മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് എഡിജിപിയുടെ കർശന നിർദേശം.