ന്യൂഡൽഹി: ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയുടെ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി.
പരസ്പരവിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിമർശിച്ചു. അമേരിക്ക ഇത് തുടർന്നാൽ ഇന്ത്യ പരസ്യമായിതന്നെ അതൃപ്തി അറിയിക്കും.
നേരത്തെ ക്വാഡ് ഉച്ചകോടിയിൽ ഭീകരവാദത്തെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും എതിർക്കണമെന്നും അതിന് പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി അംഗമായ കൂട്ടായ്മയിൽ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു അമേരിക്ക.
എന്നാൽ തൊട്ടുപിന്നാലെ കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമർശിച്ചും യുഎസ് വിദേശകാര്യ വകുപ്പ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇതിനെയാണ് ഇന്ത്യ വിമർശിച്ചത്.
കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ എന്തെങ്കിലും നടപടി ആർക്കെങ്കിലുമെതിരേ എടുക്കാവുന്ന ഒരു തെളിവും കാനഡ നൽകിയിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു.
അതിനിടെ, ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രതികരിച്ചു. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തടയാനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.