മൂന്നാര്‍: പച്ചപ്പണിഞ്ഞ ഇടുക്കിയുടെ മാറിടത്തില്‍ പ്രകൃതിയൊന്നാകെ വിരുന്നെത്തിയ ഒരിടമുണ്ട്. ഇന്നും അധികം വിനോദസഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത മീശപ്പുലിമല. സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. പശ്ചിമലനിരകളില്‍ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. സമുദ്രനിരപ്പില്‍നിന്നും ഉയരം 2634 മീറ്ററാണ്. 8661 അടി.
മീശപ്പുലിമലയിലേക്കുള്ള ട്രക്കിംഗിന്റെ അനന്തസാധ്യത ഇനിയും അധികൃതര്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇവിടം അതിസാഹസിക കേന്ദ്രമല്ലെന്നതാണ് ഏറെ പ്രത്യേകത. യുവതികള്‍ ഈ മല കയറുന്നത് അതിനാലാണ്. കുളുക്കുമല, എല്ലപ്പെട്ടി, അരുവിക്കാട്, സൈലന്റ്‌വാലി എന്നിവിടങ്ങളിലൂടെ ഇവിടെയെത്താം. മൂന്നാര്‍ വഴി സൈലന്റ്‌വാലിയിലും സൂര്യനെല്ലി വഴി കുളുക്കുമലയിലും എത്താം. ഈ രണ്ടു വഴികളാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. മറ്റു രണ്ടുവഴികളും നിയമാനുസൃതമല്ല.
ചാര്‍ലി പറഞ്ഞ മീശപ്പുലിമല കാണാന്‍ യുവാക്കളുടെ ഒഴുക്ക്്. അധികമാരും കേള്‍ക്കാതയും കാണാതെയും അമ്പരചുമ്പിയായി നിന്ന പുലിമല കയറാന്‍ ഈ ഓണസീസണില്‍ എത്തിയത് ആയിരക്കണക്കിനു യുവാക്കളാണെന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കെടുപ്പിനു ഇവിടെ സംവിധാനങ്ങളില്ല.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി എന്ന സിനിമയാണ് ഇവിടം യുവതീയുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത്. അതോടെ മീശപ്പുലിമല പലരുടെയും മനസില്‍ കുടിയേറി. അതിനുമുമ്പ് ഈവഴി തേടിയെത്തിയിരുന്നത് നാമമാത്രമായ വിനോദസഞ്ചാരികളായിരുന്നു. കഴിഞ്ഞവര്‍ഷം ഇറങ്ങിയ ചാര്‍ലി എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ചാര്‍ലി ജീവിതത്തിലെ അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനം നൊന്ത് ആത്മഹത്യക്കൊരുങ്ങിയ ഡോ. കനിയോട് ചോദിച്ചു മീശപ്പുലിമലയില്‍ മഞ്ഞിറങ്ങുന്നത് കണ്ടിട്ടുണേ്ടാ എന്ന്. പുതുവത്സര ദിനത്തില്‍ പതിയെ ഇരുട്ടുവീണു തുടങ്ങിയപ്പോഴായിരുന്നു ആ ചോദ്യം.
മലമുകളിലെ ആകാശത്തില്‍ തെളിഞ്ഞ നക്ഷത്രങ്ങളുടെ വെളിച്ചം അവളെ മടക്കിക്കൊണ്ടുവന്നത് പുതിയ പ്രതീക്ഷകളിലേക്കും പുത്തന്‍ ജീവിതത്തിലേക്കുമായിരിരുന്നു. ഡോ. കനിയുടെ ജീവിതത്തില്‍ വെളിച്ചംവീശിയ ആ മലമുകളിലെ രഹസ്യം അറിയാനാണ് ഓണാവധിയില്‍ മൂന്നാറിലെ മീശപ്പുലിമലയില്‍ ആയിരക്കണക്കിന് യുവാക്കളെത്തിയത്. വശ്യമനോഹരവും എത്തിപ്പെടുവാന്‍ പ്രയാസമേറിയതുമായ ഈ മലയില്‍ കഴിഞ്ഞ മൂന്നുദിവസംകൊണ്ട് കയറിയത് മൂവായിരത്തിലധികം പേരാണെന്നാണ് കരുതുന്നത്.
വനം വികസന വകുപ്പിന്റെ കീഴില്‍ ഒരുദിവസം കൊടുമുടി കയറുവാന്‍ അനുവാദമുള്ളത് പരമാവധി നാല്‍പ്പതു പേര്‍ക്കാണ്. മൂന്നാറില്‍ നിന്ന് അരുവിക്കാട് എസ്റ്റേറ്റിലെത്തി പച്ചക്കാട്, പിള്ളത്തൊട്ടി എന്നീ സ്ഥലങ്ങളിലൂടെയാണ് ഇവിടെയത്താനുള്ള അംഗീകൃത പാതയുള്ളത്. എന്നാല്‍ സൂര്യനെല്ലിയിലൂടെ കൊളുക്കുമലയിലെത്തി അവിടെനിന്നും ഇവിടെ എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതു സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കൊളുക്കുമല സന്ദര്‍ശിക്കാനെത്തുന്നവരെ മീശപ്പുലിമലയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് അനധികൃത ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവര്‍മാരുമാണ്.