ഹണിയുടെ രാവുകള്‍

honey rose 2വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയിരിക്കുകയാണ് നടി ഹണിറോസ്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഹണി റോസ് പിന്നീട് മമ്മൂട്ടിയുടെ കൂടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ജയറാമിനൊപ്പം സര്‍ സിപി, ജയസൂര്യക്കൊപ്പം കുമ്പസാരം, ദിലീപിനൊപ്പം റിംഗ് മാസ്റ്റര്‍ സുരേഷ് ഗോപിക്കൊപ്പം മൈ ഗോഡ് എന്നീ സിനിമകളിലെല്ലാം മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു. ഒടുവില്‍ മോഹന്‍ലാലിന്റെ നായികയായി കനല്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. തന്റെ സ്വപ്നസാക്ഷാത്കാരമായാണു മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ ഹണി റോസ് വിശേഷിപ്പിച്ചത്. അവരുടെ രാവുകള്‍ എന്ന സിനിമ അടുത്തയാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കെയാണ് ഹണിയെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകള്‍ പുറത്തുവന്നത്.

യുവനടനുമായി ഹണിറോസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നുമായി രുന്നു അടുത്തയിടെ പുറത്തുവന്ന വാര്‍ത്ത. സ്ത്രീകള്‍ സമൂഹത്തില്‍ ഒട്ടും സുരക്ഷിതരല്ലെന്നും ജിഷയുടെ കൊലപാതകം നടന്നതിനു ശേഷമാണ് ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടതെന്നും അതുകൊണ്ടു വൈകാതെ ഹണി വിവാഹിതയാകുന്നു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നു ഹണിറോസ് സണ്‍ഡേ ദീപികയോടു പറഞ്ഞു. ഹണിയുടെ വിശേഷങ്ങളിലേക്ക്…

അവരുടെ രാവുകള്‍

അവരുടെ രാവുകള്‍ എന്ന സിനിമ ഈ 23 ന് തിയറ്ററുകളിലെത്തും. ചിലപ്പോള്‍ ചെറിയ മാറ്റമുണ്ടായേക്കും. ഒരു ഓഫീസ് ജീവനക്കാരിയുടെ വേഷമാണെനിക്ക്. മൈബോസ് എന്ന സിനിമയില്‍ മംമ്തയുടേതു പോലുള്ള ഒരു കഥാപാത്രമാണ് ഇതില്‍ ചെയ്തിരിക്കുന്നത്. ബോസിയായിട്ടുള്ള ഒരു കഥാപാത്രം. ഉണ്ണി മുകുന്ദനാണ് എന്റെ ജീവനക്കാരനായി എത്തുന്നത്. ഇവര്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. ഉണ്ണിക്കു പുറമേ വിനയ് ഫോര്‍ട്ട്, ആസിഫ് അലി, നെടുമുടി വേണുച്ചേട്ടന്‍ ഇവരാണ് പ്രധാന കഥാപാത്രങ്ങള്‍. ബംഗളൂരുവില്‍ നിന്നുള്ള ഒരു കുട്ടിയുമുണ്ട്. ശരിക്കുമൊരു കുടുംബചിത്രമാണിത്.

അവളുടെ രാവുകള്‍ അല്ല

അവളുടെ രാവുകള്‍ എന്ന ചിത്രവുമായി അവരുടെ രാവുകള്‍ എന്ന ചിത്രത്തിനു യാതൊരു ബന്ധവുമില്ല. പെട്ടെന്ന് ഒരു സാമ്യം തോന്നാമെങ്കിലും പഴയ ചിത്രവുമായി ഇതിനു യാതൊരു ബന്ധവുമില്ല. അവളുടെ, അവരുടെ എന്നൊരു സാദൃശ്യം മാത്രമേയുള്ളു. അവരുടെ അതായത് ഈ സിനിമയിലെ നാലു പേരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇന്നത്തെ കാലത്തെ യുവജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണവര്‍. എങ്ങനെ തല്ലിപ്പൊളിയായി നടക്കാം, എങ്ങനെ ജോലി ചെയ്യാതെ പണമുണ്ടാക്കാം എന്നൊക്കെ ചിന്തിക്കുന്ന പയ്യന്മാരാണിവര്‍.

മോഹന്‍ലാലിനൊപ്പം

ലാലേട്ടനോടൊപ്പമുള്ള കനല്‍ എന്ന സിനിമ നല്ലൊരു എക്‌സ്പീരിയന്‍സായി രുന്നു. ഇന്ത്യക്കു പുറത്ത് ദോഹയിലായിരുന്നു ചിത്രീകരണം കൂടുതലും. ഒത്തിരി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. കൂടെ അഭിനയിക്കുന്നവരോടെല്ലാം വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളത്.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത

മലയാളത്തില്‍ എനിക്കൊരു ബ്രേക്ക് തന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയാണ്. വിനയന്‍ സാറിന്റെ ബോയ്ഫ്രണ്ടിലൂടെയാണ് സിനിമയിലെത്തിയത്. വളരെ നല്ലൊരു എന്‍ട്രിയാണ് എനിക്കു ലഭിച്ചത്. പിന്നീട് ചെറിയൊരു ഗ്യാപ്പുണ്ടായി. ഒരു നല്ല ചിത്രത്തിനും വിജയ സിനിമയുടെ ഭാഗമാകാനും വേണ്ടി കുറച്ചു സമയമെടുത്തു. അതു ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് സംഭവിച്ചത്. പിന്നീടു വന്ന കഥാപാത്രങ്ങളെല്ലാം ആ സിനിമയിലെ കഥാപാത്രങ്ങളോടു ചായ്‌വുള്ളവയായിരുന്നു. മോഡേണായിട്ടുള്ള കഥാപാത്രം. അവയില്‍ നല്ലതു മാത്രമാണ് ഞാന്‍ തെരഞ്ഞെടുത്തത്.
പിന്നീട് അതില്‍ നിന്നു വ്യത്യസ്തമായ ഒരു നാടന്‍ കഥാപാത്രം ചെയ്തത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലായിരുന്നു. അതിനു ശേഷം കുമ്പസാരം പോലുള്ള ചിത്രങ്ങളിലെ വളരെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനായി. റിംഗ് മാസ്റ്ററില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നു. ഇനിയും പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.

നെഗറ്റീവ് വേഷങ്ങള്‍

റിംഗ് മാസ്റ്ററില്‍ ചെയ്തതു നെഗറ്റീവ് വേഷമായിരുന്നു. ഉടനെ മറ്റൊരു നെഗറ്റീവ് വേഷം ചെയ്യാനില്ല. കസബയില്‍ അവസരം കിട്ടിയതാണ്. എന്നാല്‍ അത്തരം നെഗറ്റീവ് വേഷങ്ങള്‍ കൂടുതല്‍ ചെയ്യാനെനിക്കു താത്പര്യമില്ല. നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന ശക്തമായ വില്ലത്തി വേഷം വന്നാല്‍ താത്പര്യം തോന്നിയാല്‍ ചിലപ്പോള്‍ ചെയ്യുമായിരിക്കാം.

ഫേസ്ബുക്കില്‍ സെല്‍ഫി ചിത്രങ്ങള്‍

സെല്‍ഫി മാത്രമല്ല അല്ലാത്ത ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഫേസ്ബുക്കിലിടുന്ന 99 ശതമാനം ഫോട്ടോകളും മൊബൈല്‍ ഫോണ്‍ കൊണെ്ടടുത്തതാണ്. എവിടെയങ്കിലും പോകുമ്പോഴൊക്കെ എടുക്കുന്ന ചിത്രമാണ് ഇടാറുള്ളത്. എന്റെ ചിത്രങ്ങള്‍ കൂടുതലും എടുക്കുന്നത് ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടനും അമ്മയുമാണ്.

ഫേസ്ബുക്കിലൂടെ വിവാഹാഭ്യര്‍ഥന

ഫേസ്ബുക്കില്‍ ഞാന്‍ പോസ്റ്റു ചെയ്യുന്നവയ്ക്കു വരുന്ന കമന്റുകളെല്ലാം തന്നെ വായിച്ചു നോക്കാറുണ്ട്. ചിലപ്പോള്‍ വളരെ നല്ല കമന്റുകള്‍ ഇടുന്നവരുമുണ്ട്. കൂട്ടത്തില്‍ വിവാഹാഭ്യര്‍ഥന വന്നിട്ടുണ്ടാകാം. അതൊക്കെ ഒരു തമാശയ്ക്ക് എഴുതുന്നതായിരിക്കാം. അതിനെ ആ അര്‍ഥത്തിലേ എടുക്കാറുള്ളു.

പ്രണയവാര്‍ത്ത ശൂന്യതയില്‍ നിന്ന്

എന്നെക്കുറിച്ചു മുമ്പു ഗോസിപ്പ് വാര്‍ത്തകളൊന്നും തന്നെ വന്നിട്ടില്ല. അതില്‍ ചിലര്‍ക്കു വിഷമമുണെ്ടന്നു തോന്നുന്നു. അതുകൊണ്ടാണ് അവരിങ്ങനെ ഒരു വാര്‍ത്ത ചമച്ചത്. ശൂന്യതയില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്തയുണ്ടാക്കിയത്. ജിഷ വധക്കേസിലെ പ്രതിയെ കണെ്ടത്തണമെന്നാവശ്യപ്പെട്ട് ഒരു സംഘടന നടത്തിയ ഒരു സമരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എല്ലാവര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഏറെ വിഷമമുണ്ടാക്കിയ ഒരു സംഭവവമായിരുന്നു ജിഷവധം. ഇത്ര ക്രൂരമായി ഒരാളെ കൊലപ്പെടുത്തുക എന്നത് വളരെ വേദനാജനകമാണ്. സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥ.
സൗമ്യ കൊല്ലപ്പെട്ടത് പകല്‍ അഞ്ചരയോടെ സ്വന്തം വീട്ടില്‍ വച്ചാണ്. സ്വന്തം വീട്ടില്‍ പോലും സ്ത്രീ സുരക്ഷിതയല്ല. എന്നോടൊപ്പം എപ്പോഴും അച്ഛനോ അമ്മയോ ഉണ്ടാകും. ഞാന്‍ തനിയെ ഇരുന്നോളാം, എനിക്കു പേടിയില്ല എന്നൊക്കെ അപ്പോള്‍ അവരോടു പറയുമായിരുന്നു. എന്നാല്‍ ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മ എന്നോടു പറഞ്ഞു, ഇപ്പോള്‍ കണ്ടില്ലേ എന്ന്. ഇതൊക്കെയാണ് അന്നു ഞാന്‍ സമരത്തില്‍ സംസാരിച്ചത്.

തലക്കെട്ട് അരോചകം    

സൗമ്യയുടെ കൊലപാതകം കഴിഞ്ഞ് അഞ്ചാറു മാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ആ സംഭവവും എന്റെ വിവാഹമായി കോര്‍ത്തിണക്കി ഇങ്ങനെയൊരു ഗോസിപ്പ് പരത്തുന്നത്. അതിനവര്‍ നല്‍കിയ തലക്കെട്ടാണ് ഏറ്റവും അരോചകമായി തോന്നിയത്.
ഹണിറോസിനു രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല എന്നായിരുന്നു ഹെഡിംഗ്. സ്ത്രീ സമൂഹത്തില്‍ ഒട്ടും സുരക്ഷയല്ല എന്ന് ജിഷയുടെ കൊലപാതകത്തിനു ശേഷം എനിക്ക് ബോധ്യമായി. വിവാഹിതയായ സ്ത്രീക്ക് സമൂഹത്തില്‍ സുരക്ഷയുണ്ട്. തനിയെ ഉറങ്ങാന്‍ പേടിയായതിനാല്‍ ഹണിറോസ് കല്യാണം കഴിക്കാന്‍ പോകുന്നു. അനുയോജ്യനായ ഒരാളെ കിട്ടിയാല്‍ വിവാഹം ഉടനുണ്ടാകും എന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. എത്രഭംഗിയായിട്ടാണ് ഇല്ലാത്ത സ്റ്റോറിയുണ്ടാക്കിയിരിക്കുന്നത്. അതു കഴിഞ്ഞ് അതിനെ മോഡിഫൈ ചെയ്തു യുവനടനുമായി ഞാന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വന്നു. ഞാനിതിനെ ഒരു തമാശയായേ കാണുന്നുള്ളു. എന്നാല്‍ ഒരു വാര്‍ത്ത ഉണ്ടാക്കാന്‍ എത്രമാത്രം കഷ്ടപ്പെടുന്നു എന്നു നോക്കണേ…

വിവാഹം ഉടനെയില്ല

ഞാന്‍ സിനിമയില്‍ വന്നിട്ട് പത്തു വര്‍ഷമായി. സിനിമ എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. സിനിമയോട് ഏറെ ഇഷ്ടമുള്ളതു കൊണ്ടു വന്നതാണ്. വളരെ സീരിയസായാണ് ഞാന്‍ സിനിമയെ സമീപിക്കുന്നത്. എന്തു പറഞ്ഞാലും വിവാഹം കഴിഞ്ഞാന്‍ സിനിമയില്‍ തുടരാന്‍ ബുദ്ധിമുട്ടാണ്. സിനിമയെ ഒരു ഓഫീസ് ജോലി പോലെ കൊണ്ടുപോകാനാകില്ല. ഓഫീസില്‍ രാവിലെ ഒമ്പതിനു പോയാല്‍ വൈകിട്ട് അഞ്ചിനു തരിച്ചു പോരാം. ചിലപ്പോള്‍ വളരെ ദൂരസ്ഥലങ്ങളിലാവും ചിത്രീകരണം നടക്കുക. അതിരാവിലെ ഷൂട്ടിംഗ് തുടങ്ങിയാലും രാത്രി 12 കഴിഞ്ഞാലും ചിലപ്പോള്‍ തീര്‍ന്നു എന്നു വരില്ല. കുറച്ചു നല്ല കഥാപാത്രങ്ങളെക്കൂടി ചെയ്യണമെന്നാഗ്രഹമുണ്ട്. പിന്നെ ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള ജീവിതം ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്. പിന്നെ വിവാഹജീവിതത്തിലേക്കു കടക്കാനുള്ള പക്വതയുമായിട്ടില്ല.

പഠനം

ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ബിഎ കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് ബിരുദം മൂന്നാം വര്‍ഷമാണിപ്പോള്‍. ക്ലാസില്‍ എല്ലാ ദിവസവും പോകാന്‍ സാധിക്കുന്നില്ലെങ്കിലും അധ്യാപകരെല്ലാം വലിയ സപ്പോര്‍ട്ടാണ് നല്‍കുന്നത്.

പ്രദീപ് ഗോപി

Related posts