കൊച്ചി,തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തേക്കും.
ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. കേസിലെ മുഖ്യ പ്രതി സതീഷ് കുമാര്‍ നടത്തിയ ഇടപാടുകളെ സംബന്ധിച്ചും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ബിനു അടക്കമുള്ളവരില്‍നിന്ന് തേടുന്നത്.
ജില്ലയിൽ ഇഡി ബാങ്കുകളിൽ പരിശോധന നടത്തിയപ്പോൾ തൃശൂർ ജില്ല സഹകരണ ബാങ്കിലും പരിശോധന നടത്തിയിരുന്നു. 17 മണിക്കൂറോളം നീണ്ട അന്നത്തെ പരിശോധനയിൽ നിരവധി ഫയലുകൾ ഇഡി പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു.
തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ.കണ്ണനെ ഇഡി ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി അറസ്റ്റിലായ പി.സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളതെന്നതിനാലാണ് കണ്ണനെ ചോദ്യം ചെയ്തത്.
വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.കെ. കണ്ണനെ കൂടാതെ പി.സതീഷ്കുമാറിന്റെ സഹോദരന് ശ്രീജിത്തിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തു.
കേസിൽ നിലവിൽ സിപിഎമ്മിന്റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡി അന്വേഷണനിഴലിലുള്ളത്. കേസിൽ എ.സി. മൊയ്തീനിനെ വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണ് എം.കെ. കണ്ണനെയും വിളിപ്പിച്ചത്.
കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ എ.സി. മൊയ്തീനെ സംബന്ധിച്ചും നിർണായകമാണ്. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും.