ആര്യങ്കാവ്: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ അധികൃതര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ എഴുകിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്.
കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കോഴഞ്ചേരി വള്ളിക്കോട് വാഴമുട്ടം കിഴക്ക് പാലയ്ക്കല്‍ ഹൗസില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) പിടിയിലായത്.
രാവിലെ പത്തരയോടെ തെങ്കാശി കൊട്ടാരക്കര സര്‍വീസ് നടത്തുന്ന തിമിഴ്നാട് സര്‍ക്കാര്‍ ബസില്‍ നിന്നുമാണ് അനില്‍കുമാര്‍ പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.
തെങ്കാശിയില്‍നിന്നു പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് കടത്തിയതെന്നതടക്കം വിവരങ്ങള്‍ ലഭിച്ചതായും അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വിഷ്ണു എന്നും എക്സൈസ് സംഘം പറയുന്നു.
ചെക്ക്പോസ്റ്റിലെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകുമെന്ന സൂചനയും അധികൃതര്‍ നല്കി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജു, എക്സൈസ് ഇൻസ്പെക്ടർ എസ്. ബൈജു, പ്രവന്റീവ് ഓഫീസര്‍ പി.എ അജയകുമാർ, സി.ഇ.ഒ. മാരായ എ അജയൻ, എസ് ഹരിപ്രസാദ്, എച്ച് രജീഷ്. എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.