ചെറായി: രണ്ട് മക്കളുടെ അമ്മയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം മൂത്ത് യുവതിയെ അന്വേഷിച്ചു വരുകയും ചെയ്ത തിരുവനന്തപുരത്തു കാരനായ കാമുകനെ യുവതിയുടെ ഭർത്താവ് നടുറോഡിലിട്ട് കൈകാര്യം ചെയ്തു.
പ്രണയ പരവശനായ കാമുകൻ കാമുകിയെ തേടി ചെറായിലെത്തിയപ്പോഴാണ് മർദനമേറ്റത്. സംഭവം നാട്ടുകാർ മുനമ്പം പോലീസിനെ അറിയിക്കുകയും പോലീസെത്തി കാമുകനെയും യുവതിയേയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം ചെറായി ഡിസ്പൻസറി ഭാഗത്തായിരുന്നു സംഭവം അരങ്ങേറിയത്. ഭർത്താവിനു മേൽ പരസ്ത്രീ ബന്ധം ആരോപിച്ച യുവതി നേരത്തെ തന്നെ കാമുകനുമായി പോയതായിരുന്നു.
ഇടക്ക് യുവതി തിരിച്ചെത്തി സ്വന്തം വീട്ടിൽ താമസിച്ചുവരുകയാണ്. ഇതിനിടെ കാമുകിക്ക് വായ്പയായി നൽകിയ 10,000 രൂപ തിരികെ വാങ്ങാനാണ് കാമുകൻ തിരുവനന്തപുരത്ത് നിന്ന് ചെറായിലെത്തിയത്.
ഇന്നലെ പണം തരാമെന്ന് കാമുകി വിളിച്ചു പറഞ്ഞതനുസരിച്ചാണ് താൻ ചെറായിയിൽ എത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞത്രേ.
ഈ സമയത്താണ് മർദനമേറ്റത്. ആർക്കും പരാതിയില്ലാതിരുന്ന സാഹചര്യത്തിൽ കേസ് എടുക്കാതെ പോലീസ് എല്ലാവരേയും വിട്ടയച്ചു.