ഗാന്ധിനഗര്‍: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയിൽ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ ഉത്തരവിടുകയും ചെയ്തു.
കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന അസിസ്റ്റന്റ് ഡോക്ടർ ശസ്ത്രക്രിയയ്ക്കായി 20,000 രൂപ ആവശ്യപ്പെട്ടെന്നാണു പരാതി.
പരാതിയെത്തുടര്‍ന്ന് രോഗിയെ അടിയന്തരമായി സൗജന്യമായി ശസ്ത്രക്രിയ നടത്തി. ഇന്നലെ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്ന് നാലാം യൂണിറ്റിലേക്ക് മാറ്റുകയും അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഒരു മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചുമതലയേറ്റത്.
ഇദ്ദേഹം വന്ന് അധികം താമസിയാതെ കൈക്കൂലി വാങ്ങുവാന്‍ തുടങ്ങിയെന്നാണ് ചില രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസും ഉണ്ടെന്ന് രോഗികള്‍ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗവിഭാഗം, ന്യൂറോ സര്‍ജറി, നെഫ്രോളജി, അസ്ഥിരോഗം, ജനറല്‍ സര്‍ജറി തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ വകുപ്പ് മേധാവികള്‍ ഉൾപ്പെടെ അര്‍പ്പണമനോഭാവത്തോടെ സേവനം ചെയ്യുമ്പോഴാണ് ചികിത്സാരംഗത്തു നിരവധി അവാര്‍ഡ് നേടിയിട്ടുള്ള മെഡിക്കല്‍ കോളജിന് അപമാനമുണ്ടാക്കിയ സംഭവമുണ്ടായിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വൃക്തമാക്കി.