കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പും കോട്ടയം സീറ്റും മുന്നില്‍ കണ്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അണിയറനീക്കങ്ങൾ ആരംഭിച്ചു. പഠനക്യാമ്പ്, മണ്ഡലം കണ്‍വന്‍ഷനുകള്‍, കര്‍ഷക കണ്വന്ഷന്, പദയാത്ര തുടങ്ങിയ പരിപാടികള്‍ക്കാണു തീരുമാനം.
27നു മുന്‍മന്ത്രി സി.എഫ്. തോമസിന്റെ ചരമവാര്‍ഷികത്തില്‍ ചങ്ങനാശേരിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചന, ഒക്ടോബര്‍ ഏഴിന് സി.എഫ് അനുസ്മരണം, ഒന്പതിനു കോട്ടയത്ത് പാര്‍ട്ടി ജന്മദിനസമ്മേളനം തുടങ്ങിയ ചടങ്ങുകളുണ്ടാകും. ഡിസംബറോടെ അംഗത്വ കാമ്പയിന്, ബൂത്ത് കണ്‍വന്‍ഷനുകള്‍ എന്നിവ പൂര്ത്താക്കും.
നിലവില്‍ യുഡിഎഫില്‍ ജോസഫ് വിഭാഗത്തിനു ലഭിക്കാവുന്ന സീറ്റ് കോട്ടയമാണെന്ന സാധ്യതയിലാണു മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍.
യുഡിഎഫില്‍ സിറ്റിംഗ് എംപിമാരെല്ലാം വീണ്ടും മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ കോട്ടയം സീറ്റില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകാതെ നടത്താനാണ് ആലോചനകള്‍.
പി.ജെ. ജോസഫോ മോന്‍സ് ജോസഫോ ലോക്സഭാ സ്ഥാനാര്‍ഥിയാകണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇവര്‍ ഒഴിവായാല്‍ പി.ജെ. ജോസഫിന്റെ മകന് അബു ജോണ്‍ ജോസഫ്, മുന്‍ എംപിമാരായ പി.സി. തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, ജോയി ഏബ്രഹാം തുടങ്ങി ഒരു നിര നേതാക്കള്‍ പരിഗണിക്കപ്പെടാം.
കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതി ലോക്സഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ടു കഴിഞ്ഞദിവസം കോട്ടയത്ത് യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ജോസഫ് വിഭാഗവും സജീവമാകുന്നത്. മാണി-ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുള്ള മത്സരത്തിനുള്ള സാഹചര്യമാണു കോട്ടയത്ത് ഒരുങ്ങുന്നത്.