എസ്.ആർ. സുധീർ കുമാർ
കൊല്ലം: അജ്ഞാതസംഘം ആക്രമിച്ചശേഷം ശരീരത്തിൽ നിരോധിത സംഘടനയായ പിഎഫ് ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന പേര് പച്ച കുത്തിയെന്ന സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയ സംഭവത്തിൽ സൈനികൻ കടയ്ക്കൽ സ്വദേശി ഷൈനിനെതിരേ ആർമി അച്ചടക്ക നടപടി എടുക്കും.
കോടതിയുടെ അനുമതിയോടെ സൈനികന്റെ മിലിട്ടറി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും.
കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ കോർട്ട് മാർഷൽ നടപടികളിലേയ്ക്ക് കടക്കും. കേസിന്റെ ഗൗരവം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വിരമിച്ച ആർമി ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ പിരിച്ചുവിടൽ അടക്കം കടുത്ത നടപടി തന്നെ വന്നേക്കാം.
ഇയാളും സുഹൃത്ത് ജോഷിയും ചേർന്ന് വർഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് കൊല്ലം റൂറൽ പോലീസ് മേധാവി ഇന്നലെ വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിരോധിത സംഘടനയോട് ഇവർക്ക് അതിയായ എതിർപ്പ് ഉണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വ്യാജ പരാതിയും വ്യാജ തെളിവും നൽകി പോലീസിനെ കബളിപ്പിക്കാൻ ഇരുവരും ബോധപൂർവം ശ്രമിച്ചതായാണ് പോലീസിന്റെ വിലയിരുത്തൽ. സൈനികൻ ഷൈൻ തന്നെയായിരുന്നു ഇതിന്റെ സൂത്രധാരൻ.
ഇതിനായി ഇരുവരും നേരത്തേ തന്നെ ഗൂഢാലോചനയും തയാറെടുപ്പുകളും നടത്തിയതായി ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.ദേശീയ തലത്തിൽ പ്രശസ്തിയും വീര പരിവേഷവും നേടാനായിരുന്നു ഷൈനിന്റെ ശ്രമം.
ഇതിന്റെ മറവിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതിയും സഹതാപവും പിടിച്ചു പറ്റി ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുമെന്നും ഷൈൻ സ്വപ്നം കണ്ടു.
നാട്ടിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. ഈ പദ്ധതിയാണ് പോലീസ് പഴുതുകൾ അടച്ചുള്ള അന്വേഷണത്തിലൂടെ പോലീസ് പൊളിച്ചത്.
സൈനികനെ അറസ്റ്റ് ചെയ്ത വിവരം കേരള പോലീസ് ഇന്നലെ തന്നെ ആർമി ഉന്നതരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മിലിട്ടറി ഇന്റലിജൻസും ഉദ്യോഗസ്ഥരും കാര്യങ്ങൾ വിശദമായി മേലധികാരികൾക്ക് കൈമാറി.
റോ അടക്കമുള്ള കേന്ദ്ര ഏജൻസികളും വിഷയത്തിൽ വിശദമായ അന്വേഷണമാണ് നടത്തിയത്. മാത്രമല്ല ദേശീയ മാധ്യമങ്ങൾ അടക്കമുള്ളവർ സംഭവത്തിന് വലിയ പ്രാധാന്യവും നൽകി.
കേന്ദ്ര ആഭ്യന്തര വകുപ്പും വിഷയം ഗൗരവമായി എടുത്തു. ഇതോടെ പോലീസും ശാസ്ത്രീയ അന്വേഷണം ബലപ്പെടുത്തി മുന്നോട്ട് പോകുകയായിരുന്നു.
ഷൈൻ പരാതിയുമായി കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഉദ്യോഗസ്ഥരിൽ സംശയം ജനിച്ചിരുന്നു. നാട്ടുകാരും ഇക്കാര്യത്തിൽ പോലീസിന് ഒപ്പം നിന്നു.
രാഷ്ട്രീയ സംഘർഷങ്ങൾ ഒന്നും ഇല്ലാതിരുന്ന സ്ഥലത്ത് ആക്രമണം നടന്നു എന്ന പരാതിയിലെ ദുരൂഹത അന്വേഷിക്കണമെന്നത് നാട്ടുകാരുടെയും വലിയ ആവശ്യമായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ ആക്രമണം നടന്നു എന്ന് പരാതിയിൽ പറയുന്ന സ്ഥലത്ത് അതിന്റെ ഒരു ലക്ഷണവും പോലീസിന് കണ്ടെത്താനായില്ല.
ശരീരത്തിൽ നിരോധിത സംഘടനയുടെ പേര് എഴുതിയിരുന്നതും വടിവൊത്ത അക്ഷരങ്ങളിലായിരുന്നു. ബലം പ്രയോഗിച്ചാലും എതിർപ്പ് ഉണ്ടായാലും ഇത്തരത്തിൽ വ്യക്തമായി ഒരാളുടെ ശരീരത്ത് ഇങ്ങനെ എഴുതാൻ സാധികില്ല.
ഇത് രണ്ടും കൂടിയായപ്പോൾ പരാതി വ്യാജമാണെന്ന് തുടക്കത്തിൽ തന്നെ പോലീസ് ഉറപ്പിച്ചു.എങ്കിലും പരാതിക്കാരൻ സൈനികൻ ആയതിനാൽ അന്വേഷണത്തിൽ ജാഗ്രതയും കരുതലും എടുത്താണ് പോലീസ് ഉദ്യോഗസ്ഥർ മുന്നോട്ട് പോയത്.
മിലിട്ടറി ഇന്റലിജൻസും പോലീസും കൈകോർത്തപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. അങ്ങനെയാണ് സൈനികന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വിശദമായ ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ ഇയാൾ എല്ലാം തുറന്ന് പറയുകയായിരുന്നു.തുടർന്നാണ് സൈനികനെയും കസ്റ്റഡിയിലെടുത്ത് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വിലങ്ങ് അണിയിച്ചാണ് ഇരുവരെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്.