കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം ഉന്നതരിലേക്കെന്ന് സൂചന.
ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇവരെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം തുടങ്ങിയതായാണ് വിവരം.
അരവിന്ദാക്ഷന് 50 ലക്ഷത്തിന്റെ നിക്ഷേപം
അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ അറസ്റ്റിലായ പി. സതീഷ്കുമാറുമായി അരവിന്ദാക്ഷന് പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്.
സതീഷ്കുമാര്‍, സഹോദരന് പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് വന്‍തുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.
സതീഷ്കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍ നിന്ന് അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങള്‍ ലഭിച്ചു. തട്ടിപ്പില്‍ പി.ആര്. അരവിന്ദാക്ഷന്റെ പങ്ക് സംബന്ധിച്ച് പി.പി. കിരണ്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്ന് മൊഴികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോദ്യം ചെയ്യലില്‍ അമ്മയുടെ പേരിലുള്ള വസ്തുവും ഒരു ബാങ്ക് അക്കൗണ്ടുമാണ് അരവിന്ദാക്ഷന് വെളിപ്പെടുത്തിയത്. വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ആവശ്യപ്പെട്ട ആദായ നികുതി റിട്ടേണുകള്‍ ഉള്‍പ്പെടെ രേഖകള്‍ നല്കാന് നല്കാന് വിസമ്മതിക്കുകയും ചെയ്തു.
പെരിങ്ങട്ടൂര് സഹകരണ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകള്‍ ഇഡി കണ്ടെത്തി. 2015, 2016, 2017 വര്‍ഷങ്ങളില്‍ അക്കൗണ്ടുകള്‍ വഴി വന്‍തോതില്‍ ഇടപാടുകള്‍ നടത്തിയത് പരിശോധനയില്‍ കണ്ടെത്തി.
കൗണ്‍സിലര്‍ എന്ന നിലയില്‍ ലഭിക്കുന്ന ഓണറേറിയമാണ് സമ്പാദ്യമെന്ന് അരവിന്ദാക്ഷന് അറിയിച്ചെങ്കിലും രേഖകള്‍ നല്‍കിയില്ല. 50 ലക്ഷം രൂപയുടെ ഇടപാടുകള്‍ അദ്ദേഹം നടത്തി.
അരവിന്ദാക്ഷന് വഴി പി. സതീഷ്കുമാര്‍ നിരവധി ബിനാമി ഇടപാടുകളും വസ്തുയിടപാടുകളും നടത്തി. ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ വമ്പന്മാരുമായി അരവിന്ദാക്ഷന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സ് സ്വന്തവും ബിനാമിപ്പേരുകളിലും 5.06 കോടി രൂപയുടെ വായ്പ തട്ടിയെടുത്തു. ചോദ്യം ചെയ്യലില്‍ തട്ടിപ്പുകള്‍ സംബന്ധിച്ച വിവരം നല്കാന് തയാറായില്ലെന്നും ഈടുവച്ച വസ്തു വില്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്.
കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
ഇന്നലെ അറസ്റ്റിലായ പി.ആര്. അരവിന്ദാക്ഷനെയും മുന്‍ ബാങ്ക് ജീവനക്കാരന് ജില്‍സിനെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇ ഡി നല്കിയ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. ഇരുവരേയും രണ്ടു ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.