ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡലിനായി ഇന്ത്യയുടെ റോഷിബിന ദേവി ഇന്ന് കളത്തിൽ. വനിതാ 60 കിലോഗ്രാം സൻഡ വുഷു പോരാട്ടത്തിൽ റോഷിബിന ഫൈനലിൽ പ്രവേശിച്ചു.
ഇതോടെ വുഷുവിൽനിന്ന് ഇന്ത്യ ചുരുങ്ങിയതു വെള്ളി മെഡൽ ഉറപ്പിച്ചു. ഇന്നു നടക്കുന്ന ഫൈനലിൽ ജയിച്ചാൽ റോഷിബിന ചരിത്രത്താളിൽ ഇടംനേടും.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വുഷുവിലൂടെ ഇന്ത്യ നേടുന്ന ആദ്യ സ്വർണം എന്ന ചരിത്രമാണ് റോഷിബിനയെ കാത്തിരിക്കുന്നത്. 2018 ഏഷ്യൻ ഗെയിംസിൽ സെമിയിൽ പ്രവേശിച്ചതിലൂടെ റോഷിബിന വെങ്കലം നേടിയിരുന്നു.
വിയറ്റ്നാമിന്റെ തി തു തുയിയെ 2-0നു തകർത്തായിരുന്നു റോഷിബിന ഫൈനലിലേക്കു മുന്നേറിയത്. രണ്ടു മിനിറ്റ് വീതമുള്ള രണ്ടു റൗണ്ട് മാത്രമേ സെമിയിൽ വെന്നിക്കൊടിപാറിക്കാൻ ഇന്ത്യൻ താരത്തിനു വേണ്ടിവന്നുള്ളൂ.
ചൈനയുടെ വു ഷിയാവെയ് ആണു ഫൈനലിൽ റോഷിബിനയുടെ എതിരാളി.2010 ഏഷ്യൻ ഗെയിംസിലാണ് വുഷുവിൽ ഇതിനു മുന്പ് ഒരു ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യ വുഷുവിലൂടെ ഏഴു മെഡൽ നേടിയിട്ടുണ്ട്.