കോഴിക്കോട്: നെല്ല് സംഭരണത്തിനന്റേതടക്കമുള്ള തുകകൾ കർഷകർക്ക് നൽകാൻ മടിക്കുന്ന സർക്കാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.
കാലപ്പഴക്കമുള്ള വാഹനങ്ങളിൽ സഞ്ചരിച്ച് സുഖമമായി പ്രവർത്തിക്കാനാവുന്നില്ലെന്ന റിപ്പോർട്ടിനെത്തുടർന്നാണ് കൃഷി വകുപ്പിന് പുതിയതായി 15 വാഹനങ്ങൾ വാങ്ങാൻ സർക്കാരിന്റെ അനുമതി.
മഹീന്ദ്ര എക്സ് യുവി 400 ഇഎൽ 5 എസ് വാഹനത്തിന്റെ അഞ്ച് എണ്ണവും ടാറ്റ ടിയാഗോയുടെ 10 ഇലക്ട്രിക് വാഹനങ്ങളും വാങ്ങാനാണ് അനുമതി.
കാലാവധി തീർന്ന വാഹനങ്ങളാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിന്റെ അനുമതി.
കൃഷി വകുപ്പ് നിലവിൽ ഉപയോഗിക്കുന്ന 60 വാഹനങ്ങൾ 15 വർഷത്തിലധികം പഴക്കമുള്ളതാണെന്നാണ് ഡയറക്ടറുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
മഹിന്ദ്ര എക്സ് യുവി 400 ഇഎൽ 5 എസ് വാഹനത്തിന്റെ വില 20 ലക്ഷം രൂപയാണ്. ടിയാഗോ ഇലക്ട്രിക് കാറിന് 10 ലക്ഷം രൂപയും.