ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനം ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ടീം ഇനത്തിലാണ് സ്വര്‍ണ മെഡല്‍ നേട്ടം. ഐശ്വരി പ്രതാപ് സിംഗ് തോമര്‍ (591), സ്വപ്നില്‍ കുസാലെ (591), അഖില്‍ ഷിയോറന് (587) എന്നിവരടങ്ങുന്ന ടീമാണ് സുവര്ണനേട്ടംകെെവരിച്ചത്.
ചൈനയെ ആറു പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് നേട്ടം. ഐശ്വരി പ്രതാപ് സിംഗ് തോമറും സ്വപ്നില്‍ കുസാലെയും ഈ ഇനത്തില്‍ വ്യക്തിഗത ഫൈനലില്‍ ഇടംനേടി.
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍ പാലക്കും ഇഷ സിംഗും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ വനിതാ ഷൂട്ടര്‍മാര്‍ വെള്ളി നേടി. വനിതാ ടീം – പാലക്, ഇഷ സിംഗ്, ടി.എസ്. ദിവ്യ.
ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥൻ സാകേത് മൈനേനി സഖ്യം വെള്ളി നേടി. നിലവില്‍ എട്ട് സ്വര്‍ണവും 11 വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ ആകെ 30 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്.
നീന്തൽ 200 മീറ്റർ ബട്ടർ ഫ്ലൈയിൽ മലയാളിതാരം സജൻ പ്രകാശ് ഫൈനലിൽ എത്തി.